ന്യൂദല്‍ഹി: അത്യപൂര്‍വ്വമായി ഇന്ത്യയുടെ മൂന്ന് സേനകളുടെയു മേധാവികള്‍ സംയുക്തമായി പങ്കെടുത്ത ആസൂത്രണയോഗം തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്നു. ‘പരിവര്‍ത്തന്‍ ചിന്തന്‍’ എന്ന പേരില്‍ നടന്ന ഈ സംയുക്തയോഗത്തില്‍ നാവിക, കര, വ്യോമസേനാ മേധാവികള്‍ സംബന്ധിച്ചു. പ്രധാന അജണ്ട ചൈനയെ ഫലപ്രദാമായി ചെറുക്കാനുള്ള മൂന്ന് സേനകളുടെയും സംയുക്ത കമാന്റ് ഉണ്ടാക്കുക എന്നതാണെന്നറിയുന്നു.
ചൈനയ്ക്ക് ഈ ലക്ഷ്യത്തോടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്റ് ഉണ്ട്. ഇതില്‍ മൂന്ന് സേനാവിഭാഗത്തെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവരാണ് 4057 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയെ ഭരിയ്ക്കുന്നത്. ഇതിന് ബദലായി ഇന്ത്യയും കര,നാവിക, വ്യോമസേനകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംയുക്ത തിയറ്റര്‍ കമാന്റ് ഉണ്ടാക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്. മൂന്ന് സേനകളും സംയുക്തമായുള്ള ശക്തിയാണ് തിയറ്റര്‍ കമാന്റ്. ഇത് തിങ്കളാഴ്ച നടന്ന പരിവര്‍ത്തന്‍ ചിന്തനില് ചര്‍ച്ചാവിഷയമായി. മൂന്ന് സേനകളെ ഉള്‍ക്കൊള്ളിച്ചുള്ള തിയറ്റര്‍ കമാന്റിന് മാത്രമേ ഒരു യുദ്ധസാഹചര്യത്തില്‍ ഫലപ്രദമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.
മൂന്ന് സേനകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനും ഇവരെ കൂട്ടിച്ചേര്‍ക്കുകയും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിവര്‍ത്തന്‍ ചിന്തന്‍ സംഘടിപ്പിച്ചതെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) അനില്‍ ചൗഹാന് അധ്യക്ഷത വഹിച്ചു. ഭാവിയുദ്ധങ്ങള്‍ക്ക് സന്നദ്ധരായിരിക്കുന്നതിന് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തതിനുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്. മൂന്ന് സേനകളുടെ മേധാവികളെക്കൂടാതെ മൂന്ന് സേനകളിലെയും മുഖ്യ പദവികളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: