പത്തനാപുരം: നോവലിസ്റ്റും തമിഴ്- മലയാളം ചലച്ചിത്ര മാധ്യമപ്രവര്‍ത്തകനും നടന് പ്രേംനസീറിന്റെ സന്തത സഹചാരിയുമായിരുന്ന സി.എന്‍. കൃഷ്ണന്‍കുട്ടി (സിനിമാ മംഗളം കൃഷ്ണന്‍കുട്ടി – 77) പത്തനാപുരം ഗാന്ധിഭവനില്‍ അന്തരിച്ചു.
ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം തമിഴ് ചലച്ചിത്ര മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിനിമാ പതിരികൈയാളര് സംഘത്തിന്റെ സെക്രട്ടറിയായും സിനിമാ മംഗളം, ചെന്നൈ പത്രിക തുടങ്ങിയവയുടെ കറസ്പോണ്ടന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നെടുമങ്ങാട് സ്വദേശിയാണ്.
പ്രേംനസീറിന് ആരാധകര്‍ അയക്കുന്ന കത്തുകള്‍ക്ക് നസീറിന്റെ നിര്‍ദേശപ്രകാരം മറുപടി അയച്ചിരുന്നത് കൃഷ്ണന്‍കുട്ടിയാണ്. കമല്ഹാസന് ഉള്‍പ്പെടെ ചലച്ചിത്രരംഗത്തെ പ്രമുഖരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയപ്പോള്‍ ജന്മനാടായ തിരുവനന്തപുരത്തേക്ക് തിരികെയെത്തി.
ഹൃദ്രോഗബാധിതനായ ഇദ്ദേഹത്തെ രണ്ടര വര്‍ഷം മുന്‍പ് സുഹൃത്തും സംവിധായകനുമായ ശാന്തിവിള ദിനേശാണ് ഗാന്ധിഭവനിലെത്തിച്ചത്. 14 നോവലുകള്‍ എഴുതി. തിരുവനന്തപുരം ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഭാര്യ: ലീല എന്‍.കെ. മക്കള്‍: ഗോകുല്‍ കെ. (ചെന്നൈ), നന്ദിനി എല്‍. മരുമകന്: ജയപ്രകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: