ചെന്നൈ: ചിത്തി രാധികയ്ക്ക് വോട്ട് പോട്… വിരുദുനഗറിലെ സ്ത്രീകള്‍ വീടുകള്‍ കയറിയിറങ്ങുന്നു. വെള്ളിത്തിര വിട്ടിറങ്ങിയ ധര്‍മ്മ ദേവതൈ നാടിന് ന്യായം കാവലിയാകുമെന്ന് ശിവകാശിയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി നേതാവ് വാനതി ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ജയാരവം മുഴക്കി ആയിരങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ തമിഴകം മാറുകയാണ്. തെരുവുകള്‍ ആഘോഷമാക്കി നാടിന്റെ നായികയെ വരവേല്‍ക്കുന്നു. വേദിയിലേക്കുള്ള വരവ് വിളിച്ചറിയിച്ച് വിശേഷണങ്ങളേറെ… നടികര്വേല് എം.ആര്. രാധയോടെ മകള്‍, നാട്ടാമെ ശരത്കുമാറിന് മനൈവി, കാതല്നായികൈ… പ്രിയമാന ചിത്തി രാധിക ശരത് കുമാര്‍… ആവേശം കടലലയായിളകുന്നു.
വിരുദുനഗറിന്റെ ജീവിതത്തെത്തൊട്ടാണ് രാധികയുടെ വാക്കുകള്‍. നാട്ടുക്ക് നല്ലത് ചെയ്യാന്‍ അവസരം തരണം എന്ന അഭ്യര്‍ത്ഥനയോടെ തുടങ്ങുന്ന പ്രസംഗങ്ങളില്‍ ശൗചാലയങ്ങള്‍ മുതല്‍ ശിവകാശിയിലെ കരിമരുന്ന് വിപണി നേരിടുന്ന വെല്ലുവിളികള്‍ വരെ എല്ലാം എണ്ണിപ്പറയുന്നു. സാധാരണക്കാരുടെ ഹൃദയത്തില്‍ തൊട്ടാണ് ഓരോ വാക്കും.
ശിവകാശിക്ക് സമീപം തിരുത്താങ്കല്‍ ഇന്ദിരാ നഗറില്‍ പ്രചാരണത്തിനെത്തിയ രാധികയോട് സ്ത്രീകള്‍ക്ക് പറയാനുണ്ടായിരുന്നത് ശൗചാലയങ്ങളില്ലാത്തതിന്റെ ദുരിതമായിരുന്നു. മാനം കാക്കണമെന്ന അവരുടെ അഭ്യര്‍ത്ഥന രാധിക കേട്ടു. കേന്ദ്രത്തിന്റെ സ്വച്ഛതാ പദ്ധതിയെക്കുറിച്ച് അവരോട് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന സ്റ്റാലിന് സര്‍ക്കാര്‍ ആ പദ്ധതി ജനങ്ങളിലെത്തിച്ചില്ല. നിങ്ങള്‍ ശരിയായി വോട്ട് ചെയ്യണം. ശൗചാലയം മാത്രമല്ല, തിരുത്താങ്കലിന് മാത്രമായി ഹെല്‍ത്ത് കോംപ്ലക്സ് നിര്‍മ്മിക്കും. ഇനി ജയിച്ചില്ലെങ്കിലും നിങ്ങള്‍ക്കത് ഞാന്‍ സ്വന്തം ചെലവില്‍ നിര്‍മിച്ചു തരും, എന്റെ ഉറപ്പാണിത്, ശിവകാശിയിലെ കരിമരുന്ന് നിര്മാണശാലകളിലെത്തിയ രാധിക ഓരോ തൊഴിലാളിയുമായും സംസാരിച്ചു.
വിഷുവാണ് വരുന്നത്. വലിയ ബിസിനസിന്റെ കാലം. പക്ഷേ പടക്ക വിതരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഡിഎംകെ സര്‍ക്കാര്‍ വേട്ടയാടുകയാണ് ഈ കുടുംബങ്ങളെ. തമിഴ്നാട്ടില്‍ ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും തീപ്പെട്ടി വ്യവസായം ചൈനീസ് കമ്പനികളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചത് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നടത്തിയ ഇടപെടലുകളിലൂടെയാണ്. അത് ജനങ്ങള്‍ക്കറിയാം, രാധിക ശരത് കുമാര്‍ പറയുന്നു. ഒരുലക്ഷം ആളുകള്‍ നേരിട്ടോ അല്ലാതെയോ ഉപജീവനം കഴിക്കുന്ന മേഖലയാണിത്. അവരെ അവഗണിച്ച് തമിഴ്നാടിന് വികസിക്കാനാകില്ല.വിഷുദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിരുദുനഗറിലെത്തും, മക്കളെ കാണും, എല്ലാറ്റിനും പരിഹാരമുണ്ടാകും, രാധിക ചൂണ്ടിക്കാട്ടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പര്യടനത്തിനെത്തിയിരുന്നു.
ഡിഎംകെ മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന സിറ്റിങ് എംപി മാണിക്കം ടാഗോറാണ് വിരുദുനഗറില്‍ രാധികയുടെ പ്രധാന എതിരാളി. അന്തരിച്ച നടന് വിജയകാന്തിന്റെ മകന് വി. വിജയപ്രഭാകരന് ഡിഎംഡികെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കഴിഞ്ഞകുറി ഒരു ലക്ഷത്തിലേറെ വോട്ട് നേടിയ ടിടിവി ദിനകരന്റെ പിന്തുണ ഇക്കുറി ഇവിടെ ബിജെപിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: