തൃശൂർ: തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടിന് ഇക്കുറി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാൾ. വർഷങ്ങളായി തിരുമ്പാടിയുടെ പതിവ് കരാറുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിലേക്കാണ് ഇക്കുറി ആ നിയോഗം എത്തിച്ചേർന്നിരിക്കുന്നത്. നൂറ്റാണ്ടുകൾ പിന്നിട്ട വെടിക്കെട്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്ക് എത്തുന്നത്.
സതീഷിന്റെ പിതാവും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എല്ലാവർഷവും വെടിക്കെട്ട് അരങ്ങേറുക മത്സര സ്വഭാവത്തോടെയാണ്. ഇത്തവണയും പതിവ് വെവിധ്യത്തിന് കോട്ടം തട്ടാത്ത തരത്തിലാകും സംഘാടനം നടക്കുകയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട് ലൈസൻസി ചുമതല സതീഷ് ഏറ്റെടുത്തു. സാങ്കേതിക പ്രശ്നത്തെ തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നേടുന്നതിന് കഴിയാതെ വന്നിരുന്നു.
തുടർന്ന് കളക്ടർ വിആർ കൃഷ്ണ തേജ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതേ തുടർന്നാണ് ഇരു ദേവസ്വങ്ങളുടെയും സഹകരണം ആവശ്യപ്പെട്ടത്. പിന്നാലെ നടത്തിയ ചർച്ചയിൽ രണ്ടിലും ഒരു കരാറുകാരൻ തന്നെയെന്ന് നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു. വെടിക്കെട്ടിൽ വ്യത്യസ്തത കൊണ്ടുവരുന്നതിനായി ആരോഗ്യകരമായ മത്സരങ്ങൾ ഇക്കുറിയും ഉണ്ടാകുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
നിറത്തിലും ശബ്ദത്തിലും വൈവിധ്യം കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇരു ദേവസ്വങ്ങളും എല്ലാ വർഷവും കാഴ്ചവയ്‌ക്കാറുള്ളത്. ഇക്കുറിയും വ്യത്യസ്തമാർന്ന പരീക്ഷണങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.ഏപ്രിൽ 19-ന് നടക്കുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടക്കുക. 20-ന് പുലർച്ചെയോടെ പ്രധാന വെടിക്കെട്ടും നടക്കും.
വെടിക്കെട്ട് ഒരുക്കുന്നതിലെ നടപടിക്രമങ്ങൾ ലഘൂകരിക്കപ്പെടും എന്നതാണ് സംയുക്ത വെടിക്കെട്ട് കരാറുകാരനാകുമ്പോഴുള്ള പ്രധാന ഗുണം. കർശനമായ പരിശോധനകൾ കടന്നാകും വെടിക്കെട്ടിന് അനുമതി നേടുക. പൂരത്തിന് ശക്തമായ മത്സരം നടക്കുന്നത് കുടമാറ്റത്തിനും വെടിക്കെട്ടിനുമാണ്. അതീവ രഹസ്യമായാണ് വെടിക്കെട്ട് തയാറാക്കുകയും പൊട്ടിക്കുകയും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: