ന്യൂദൽഹി: ദൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ. കവിതയുടെ ഇടക്കാല ജാമ്യം കോടതി തള്ളി. ഇടക്കാല ജാമ്യം നൽകുന്നത് ഈ സാഹചര്യത്തിൽ ശരിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ ഹർജി തള്ളിയത്.
പതിനാറ് വയസ്സുള്ള മകന് പരീക്ഷയുണ്ടെന്നും അമ്മയുടെ ധാർമ്മികവും വൈകാരികവുമായ പിന്തുണ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കവിത ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ കവിത തെളിവ് നശിപ്പിച്ചുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇഡി വാദത്തെ എതിർത്തിരുന്നു.
ദൽഹിയിലെ ഭരണകക്ഷിയായ എഎപിക്ക് രാജ്യതലസ്ഥാനത്തെ മദ്യവിൽപ്പന ലൈസൻസുകളുടെ വലിയൊരു വിഹിതത്തിന് പകരമായി 100 കോടി രൂപ മുൻകൂർ പണം നൽകിയതായി ആരോപിക്കപ്പെടുന്ന സൗത്ത് ഗ്രൂപ്പിലെ പ്രധാന അംഗമാണ് കവിതയെന്ന് ഏജൻസി ആരോപിച്ചിരുന്നു.
ബിആർഎസ് അനുകൂലികളുടെ പ്രതിഷേധത്തിനിടയിൽ മാർച്ച് 15ന് ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്നാണ് കവിതയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അടുത്ത ദിവസം അവരെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. പിന്നീട് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൻ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി.
എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച അവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: