‘ഷെറിന്റെ വീട്ടിലേക്ക് സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയ വിവരം അറിയില്ല. ഇതില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല.’ പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഷെറിന്റെ വീട്ടില്‍ സിപിഎം എംഎല്‍എ കെ.പി മോഹനനും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുധീര്‍കുമാര്‍, അനില്‍കുമാര്‍, ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗം എന്‍.എ അശോകന് എന്നിവര്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞതാണിക്കാര്യം.
ബോംബ് പൊട്ടി മരിച്ചത് സിപിഎംകാരന്. പങ്കാളികളായതും സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍. എന്നിട്ടും പാര്‍ട്ടി സെക്രട്ടറി മാത്രം പറയുന്നു, അത് നേതാക്കളുമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുമല്ല എന്ന്. ഏരിയ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും ഉള്ള നേതാക്കള്‍ പാര്‍ട്ടി അല്ല. പിന്നെ എന്താണ് പാര്‍ട്ടി? സംസ്ഥാന സെക്രട്ടറി ഗോവിന്ദന് മാത്രമാണോ പാര്‍ട്ടി? ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞത് വെറുതെയല്ല. ഇതൊരു അത്ഭുത പാര്‍ട്ടി തന്നെ.
ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ ഇതൊക്കെയാണ്: പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത അമല്‍ ബാബു ഡിവൈഎഫ്ഐ മിത്തലെ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് . കഴിഞ്ഞ ദിവസം അറസ്റ്റിലായ കിഴക്കയില്‍ അതുല്‍ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്. സ്ഫോടനത്തിനു ശേഷം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസിന്റെ പിടിയിലായ സായൂജ് കടുങ്ങാംപൊയില്‍ യൂണിറ്റ് ജോയിന്‍ സെക്രട്ടറിയാണ്. സിപിഎം ബ്രാഞ്ച് അംഗമായ നാണുവിന്റെ മകനാണ് പരിക്കേറ്റ വിനീഷ്. ആസൂത്രകരില്‍ ഒരാള്‍ എന്ന് പോലീസ് പറയുന്ന ഷിജാല്‍ ഡിവൈഎഫ്ഐ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് .
ഇത്രയൊക്കെ പാര്ട്ടിക്കാര് ഈ ഈ ബോംബ് നിര്‍മ്മാണ കലാപരിപാടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊന്നും പാര്‍ട്ടി അല്ല എന്ന് പച്ചയ്ക്ക് പറയാന്‍ സി.പി. എം പാര്‍ട്ടി സെക്രട്ടറിക്കു മാത്രമേ കഴിയൂ. പാര്‍ട്ടി പദവികള്‍ രഹസ്യമാക്കി വയ്ക്കാവുന്ന ഒന്നാണോ? മാദ്ധ്യമങ്ങള്‍ അതു ചൂണ്ടിക്കാട്ടുമ്പോള്‍ രേഖകള്‍ നിരത്തി വേണം നിഷേധിക്കാന്‍.
ഇതെല്ലാം പോകട്ടെ, ഇവരെയൊക്കെ അറസ്റ്റ് ചെയ്തത് ആരാണ്? സംസ്ഥാന പോലീസ്. കേന്ദ്ര പോലീസ് ആയിരുന്നെങ്കില്‍ കേന്ദ്ര ഗൂഢാലോചനയെന്നെങ്കിലും പറയാമായിരുന്നു. മാദ്ധ്യമപ്രവര്ത്തകരെയല്ല, പിണറായി വിജയന്റെ കീഴിലുള്ള സംസ്ഥാന പോലീസിനെയാണ് ഇതൊന്നും പാര്‍ട്ടിയല്ല എന്ന് ഗോവിന്ദന് ആദ്യം ബോദ്ധ്യപ്പെടുത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: