കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനൊപ്പം വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടത്തിനിറങ്ങുക എന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ദൗത്യവും ഏറ്റെടുത്തിരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ജന്മഭൂമിയോട് സംസാരിക്കുന്നു.
വയനാട്ടിലെ മത്സരത്തെ എങ്ങനെയാണ് കാണുന്നത്?
എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. വയനാട്ടിലെ തെരഞ്ഞെടുപ്പും അങ്ങനെ തന്നെയാണ്. രാഹുല്‍ മത്സരിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയാണ് വയനാടിനുള്ളത്. അദ്ദേഹം കോണ്‍ഗ്രസ് നേതാവ് എന്നതിലുപരി കോണ്‍ഗ്രസ്സും ഇടതുപക്ഷവും എല്ലാം ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യത്തിന്റെ നേതാവാണ്. കേരളം വിട്ടാല്‍ സിപിഎമ്മിന്റെ നേതാവുകൂടിയാണ് രാഹുല്‍. അപ്പോള്‍പ്പിന്നെ രാഹുലിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് യാതൊരു പ്രസക്തിയുമില്ല. ഇവിടെ ഇപ്പോള്‍ രാഹുലും ബിജെപിയും തമ്മിലാണ് മത്സരം. ആ മത്സരത്തില്‍ ഞങ്ങള്‍ക്കു വലിയ പ്രതീക്ഷയാണുള്ളത്. അത് ഈ മണ്ഡലത്തില്‍ പ്രകടവുമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വലിയ അംഗീകാരവും പിന്തുണയുമാണ് ഇവിടുത്തെ ജനങ്ങള്‍ നല്‍കുന്നത്. ഇവിടെ ബിജെപി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
മത്സരിക്കില്ലെന്നായിരുന്നില്ലേ തീരുമാനം?
ഇത്തവണ മത്സരിക്കാതെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന്റെ ഭാഗമാകാനായിരുന്നു എന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ വയനാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെത് കൂട്ടായ തീരുമാനമാണ്. അതംഗീകരിച്ചു. മത്സരിക്കാന്‍ പ്രത്യേക തയാറെടുപ്പുകളുടെ ആവശ്യമില്ല. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം അത്രയ്ക്ക് ശക്തമാണ് എല്ലായിടത്തും. തെരഞ്ഞെടുപ്പു വന്നപ്പോള്‍ അത് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു. ആരു സ്ഥാനാര്‍ത്ഥിയായാലും ആ സംവിധാനം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.
ബിജെപിയുടെ സാധ്യതകള്‍?
പാര്‍ട്ടി എപ്പോഴും വിലയിരുത്തലുകള്‍ നടത്തിയാണ് മുന്നോട്ടു പോകുന്നത്. ഇത്തവണയും ആ വിലയിരുത്തലുകള്‍ എല്ലാ തലത്തിലും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ മുമ്പ് ഉണ്ടായിരുന്നതില്‍ കൂടുതല്‍ ബിജെപിക്ക് അംഗീകാരം ഉണ്ടായിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ എല്ലാ മണ്ഡലങ്ങളും എന്‍ഡിഎ നിര്‍ത്തിയിരിക്കുന്നത്. അത് സിപിഎം നേതാവിനു തന്നെ അംഗീകരിക്കേണ്ടിയും വന്നു. മുതിര്‍ന്ന നേതാക്കള്‍ പലരും ഇത്തവണ മത്സരരംഗത്തില്ല. അവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പരിചയസമ്പന്നരായ അവരുടെ നേതൃത്വം ഏറെ ഗുണം ചെയ്യുന്നുണ്ട്. സംസ്ഥാന തലം മുതല്‍ ബൂത്തു തലത്തില്‍വരെ ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടാകും.
പ്രധാനമന്ത്രി പറഞ്ഞത് മാറ്റമുണ്ടാകുമെന്നാണ്?
തീര്‍ച്ചയായും. കേരളത്തിലും മോദി തരംഗം പ്രകടമാണ്. കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത് മോദിയാണെന്ന ഫലം പ്രഖ്യാപിച്ചുകൊണ്ടു നടക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു പ്രചാരണം. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്തത്. എന്നാല്‍ മോദി തന്നെ വീണ്ടും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇത്തവണ ജനങ്ങള്‍ക്കു സംശയമില്ല. കോണ്‍ഗ്രസ്സിന്റെ അവസ്ഥ വളരെ ദയനീയമാണ്. അവരുടെ മുന്നണിയുടെയും അവസ്ഥയും അതു തന്നെയാണ്. തോല്‍ക്കുന്ന പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകില്ല. കേരളത്തില്‍ നിന്ന് മോദിയുടെ കൈപിടിക്കാന്‍ ഇത്തവണ എംപിമാരുണ്ടാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. മോദി സൃഷ്ടിച്ച വികസന വിപ്ലവത്തിന്റെ ഫലം കേരളവും അനുഭവിച്ചതാണല്ലോ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്താണ്?
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മാറി മാറി സംസ്ഥാനം ഭരിച്ച മുന്നണികളുടെ സൃഷ്ടിയാണ്. ഭരണക്കാരുടെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇപ്പോഴുള്ള പ്രതിസന്ധിയിലേക്കെത്തിച്ചത്. ആസൂത്രണത്തിലെ പിഴവും വികല പദ്ധതികളും നിര്‍വഹണത്തിലെ വീഴ്ചകളുമെല്ലാം കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടു. കേരളത്തിന് സ്വയം പര്യാപ്തമാകാനുള്ള എല്ലാ വിഭവങ്ങളുമുണ്ട്. അതൊന്നും പ്രയോജനപ്പെടുത്താനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ ആവിഷ്കരിക്കുന്നില്ല. പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുമില്ല. കേരളത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതു തന്നെ അഴിമതി നടത്താനാണ്.
എന്നും കേന്ദ്ര സഹായം വാങ്ങിയും കടം വാങ്ങിയും ചെലവ് ചെയ്തു കഴിച്ചു കൂട്ടാം എന്ന നിലപാട് കേരളം തിരുത്തണം. സ്വന്തം അധ്വാനത്തിന്റെ ഫലമെടുത്ത് ഉണ്ണാനാകണം. ടൂറിസം, ഐ ടി മേഖലയില്‍ കേരളത്തിന് മുന്നേറ്റമുണ്ടാക്കാനാകുമായിരുന്നു. എന്നാല്‍ ഈ രണ്ടു മേഖലകളും ഫലപ്രദമായ ഇടപെടലുകള്‍ ഇല്ലാതെ അമ്പേ പരാജയമായി. ഏഷ്യയിലെ തന്നെ ആദ്യ ടെക്നോപാര്‍ക്കാണ് തിരുവനന്തപുരത്തേത്. എന്നാല്‍ ആ മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ കേരളത്തിനായില്ല. മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തിന് പ്രത്യേക പരിഗണനയുണ്ടാകും. അതു ജനങ്ങള്‍ക്കു ഞങ്ങളുടെ ഉറപ്പാണ്. കേരളം രക്ഷപ്പെടണമെങ്കില്‍ ബിജെപി ഭരണം കേരളത്തിലുമുണ്ടാകണം. ദല്‍ഹിയില്‍ മോദിസര്‍ക്കാരിന് പിന്തുണ നല്കാന് കേരളത്തില്‍ നിന്ന് അംഗങ്ങള്‍ ഉണ്ടാകണം.
കേരളത്തിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയോ?
കാര്‍ഷിക മേഖലക്ക് കരുത്തേകിയ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. ഇതാദ്യമായി 6000 രൂപയുടെ നേരിട്ടുള്ള സഹായം പ്രതിവര്‍ഷം കര്‍ഷകരിലേക്കെത്തുന്നു. സോയില്‍ റിപ്പോര്‍ട്ട് കാര്‍ഡും വിള ഇന്‍ഷ്വറന്‍സും നടപ്പാക്കിയതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളായി. സോയില്‍ റിപ്പോര്‍ട്ട് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃഷി ചെയ്തതിലൂടെ കൂടുതല്‍ വിളവ് ലഭിച്ചു തുടങ്ങി. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കുമായി പ്രതിവര്‍ഷം 6.5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നു. കുറഞ്ഞ നിരക്കില്‍ രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കി.
കര്‍ഷകരുടെ ഉല്പന്നങ്ങള് എംഎസ്പി നിരക്കില്‍ സംഭരിച്ചതിലൂടെ കഴിഞ്ഞ 9 വര്‍ഷത്തിനിടെ 15 ലക്ഷത്തിലധികം കോടി രൂപ കര്‍ഷകര്‍ക്ക് നല്കി. ഇത്തരം നിരവധി പദ്ധതികള്‍ ഉള്ളപ്പോഴും കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് തകര്‍ച്ചയാണ്. അതു സംഭവിക്കുന്നത് കേരളം കേന്ദ്രപദ്ധതികളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിനാലാണ്. കാര്‍ഷികരംഗത്തിനായി വലിയ വര്‍ത്തമാനങ്ങള്‍ പറയുന്നതല്ലാതെ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും സര്‍ക്കാര്‍ക്കാരുകള്‍ക്ക് ആത്മാര്‍ത്ഥതയില്ല. കേരളത്തില്‍ കൃഷിചെയ്യാന്‍ ഭൂമിയില്ലാതായി. കര്‍ഷകര്‍ കടംകടറി ആത്മഹത്യ ചെയ്യുന്നു. നെല്ലുസംഭരിച്ച പണം സര്‍ക്കാര്‍ കര്‍ഷകനു നല്‍കുന്നില്ല. കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലേ?
കേരളത്തിന്റെ മാത്രം അവസ്ഥയാണത്. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പഠനത്തിനായി അന്യ സംസ്ഥാനങ്ങളിലേക്കും അന്യ രാജ്യങ്ങളിലേക്കും പോകുന്നു. കേരളത്തില്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായിട്ടാണെങ്കിലും ഉണ്ട്. പക്ഷേ, വിദ്യാഭ്യാസത്തിനുള്ള അന്തരീക്ഷമില്ലന്നതാണ് വസ്തുത. കേരളത്തിലെ വിദ്യാലയങ്ങള്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിമിനലുകളുടെയും അക്രമരാഷ്ട്രീയത്തിന്റെയും വേദിയായിമാറി. ഇടതുപക്ഷം ഭരിക്കുമ്പോഴും അല്ലാത്തപ്പോഴും കോളജുകള്‍ നിയന്ത്രിക്കുന്നത് എസ്എഫ്ഐ എന്ന സംഘടനയും ഇടതുപക്ഷ ആഭിമുഖ്യമുള്ള അധ്യാപകരുടെ സംഘടനയുമാണ്. അവരുടെ ഭീകരതയാണ് ഇവിടെ നടക്കുന്നത്. അവരെ അംഗീകരിക്കാത്തവരെ കായികമായി നേരിടുന്നു. ഇതു മൂലം വിദ്യാഭ്യാസത്തിന്റെ നിലവാരത്തിലും വന്‍ തകര്‍ച്ചയുണ്ടായി. മുമ്പ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അഖിലേന്ത്യാതലത്തില്‍ പ്രവേശനപരീക്ഷകളില്‍ ഒന്നാമതെത്തുമായിരുന്നു. ഇന്നതല്ല അവസ്ഥ, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പോലും നേടാനാകുന്നില്ല. ഈ അവസ്ഥ വരുത്തിവച്ചത് കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകളാണ്. വിദ്യാഭ്യാസ രംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ വലിയ പരിവര്‍ത്തനമാണ് കൊണ്ടുവരുന്നത്. അപ്പോഴും കേരളം അതൊന്നും നടപ്പിലാക്കാതെ മാറി നില്ക്കുന്നു.
മോദിയെ പിന്തുണയ്ക്കാന്ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനം?
അധികാരത്തിലെത്തുന്നത് ആരാണെന്ന് സംശയമില്ലാത്ത തെരഞ്ഞെടുപ്പാണിത്. മോദി സര്‍ക്കാര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്രോഗ്രസ് കാര്‍ഡുമായാണ് വോട്ടര്‍മാരെ നേരിടുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും തന്നെയാണ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ളത്.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം വികസന വിപ്ലവം നടന്നത് നരേന്ദ്രമോദി ഭരിച്ച കഴിഞ്ഞ 10 വര്‍ഷങ്ങളിലാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍, വിദ്യാഭ്യാസ രംഗത്ത്, തൊഴില്‍ രംഗത്ത്, ശാസ്ത്ര സാങ്കേതിക മേഖലയില്‍, കാര്‍ഷിക രംഗത്ത് തുടങ്ങി എല്ലായിടങ്ങളിലും സമഗ്ര വികസനമുണ്ടായി. രാജ്യസുരക്ഷയിലും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിലും വലിയ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷം ഉണ്ടായത്. ഞാനൊരു ഭാരതീയനാണ് എന്ന് എവിടെയും നെഞ്ചുവിരിച്ച് ചെന്നു നിന്നു പറയാന്‍ നാമോരോരുത്തരേയും പ്രാപ്തരാക്കിയത് കഴിഞ്ഞ 10 വര്‍ഷത്തെ മോദി ഭരണമാണ്. 2014ന് മുമ്പ് വിദേശികള്‍ക്ക് ഭാരതം പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയും നാടായിരുന്നു. എന്നാല്‍ ഇന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി പേടകം ഇറക്കിയ രാജ്യമാണ് ഭാരതം. സൂര്യന്റെ രഹസ്യങ്ങളറിയാന്‍ ആദിത്യ എല്‍ വണ്‍ അയച്ച നാട്. ഭാരതത്തിന്റെ സൗഹൃദം കൂടാന്‍ മറ്റു രാജ്യങ്ങള്‍ മത്സരിക്കുന്നു. സുരക്ഷിതരായി, സമാധാനത്തോടെ ജീവിക്കാനാണ് ഇത്തവണ വോട്ട് ചെയ്യുന്നത്. കഴിഞ്ഞ പത്തുവര്ഷങ്ങള് നമ്മുടെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞു.
കശ്മീരില്‍ ഉണ്ടായ മാറ്റമാണ് എടുത്തു പറയേണ്ടത്. സ്ത്രീകള്‍ക്ക് ഏറെ പരിഗണന നല്കിയ സര്‍ക്കാരാണ് മോദിയുടേത്. സ്ത്രീ കേന്ദ്രീകൃത കുടുംബങ്ങളെ സൃഷ്ടിക്കാന്‍ മോദി ഭരണത്തിനായി എന്നതാണ് വലിയ നേട്ടം. രാജ്യത്തെ പാവപ്പെട്ടവന്റെ പട്ടിയണിയകറ്റിയത് മോദി സര്‍ക്കാരാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയ്ക്കു കീഴില്‍ 80 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്ന പദ്ധതി ലോകത്തു തന്നെ ആദ്യത്തേതാണ്. അഴിമതിയില്ലാത്ത സദ്ഭരണത്തിനാണ് വോട്ടു ചോദിക്കുന്നത്. കഴിഞ്ഞ പത്തുവര്ഷങ്ങള് യാതൊരു അഴിമതി ആരോപണവും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: