പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഭാരതത്തന് തോല്‍വി. ഇന്നലെ ഉച്ചയ്‌ക്ക് നടന്ന രണ്ടാം മത്സരത്തില്‍ 4-2നാണ് ഭാരതം പരാജയപ്പെട്ടത്.
കളിയുടെ ഒരവസരത്തില്‍ 2-1ന്റെ ലീഡ് നേടിയ ശേഷമാണ് ഭാരതം തുടര്‍തോല്‍വി വഴങ്ങിയത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു. കളിയുടെ ആറാം മിനിറ്റില്‍ ജെറെമി ഹേവാര്‍ഡ് ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചു. അഞ്ചാം മിനിറ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് ലഭിച്ച കോര്‍ണര്‍ കിക്കാണ് ഗോളില്‍ കലാശിച്ചത്. മൂന്ന് മിനിറ്റിനകം ഭാരതം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ജുഗ്‌രാജ് സിങ് ആണ് പകരത്തിന് പകരം ഗോള്‍ കണ്ടെത്തിയത്. ആദ്യ ക്വാര്‍ട്ടര്‍ തീര്‍ന്ന് രണ്ടാം ക്വാര്‍ട്ടറിലേക്ക് മത്സരം കടന്നപ്പോഴാണ് ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഭാരതം ഓസ്‌ട്രേലിയയെ മറികടന്നത്. ഭാരതത്തിന് കളിയിലെ രണ്ടാം ഗോള്‍ നേടിക്കൊടുത്തതിലൂടെ ഹര്‍മന്‍പ്രീത് മറ്റൊരു നാഴിക കല്ല് കൂടി താണ്ടി. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ താരം നേടുന്ന 180-ാം ഗോളായിരുന്നു അത്.
കളി ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ മുന്നിട്ടു നിന്നിരുന്ന ഭാരതം മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകള്‍ കൂടി വഴങ്ങിയാണ് മത്സരം അടിയറ വച്ചത്. 34-ാം മിനിറ്റില്‍ ഓസ്‌ട്രേലിയന്‍ താരം ഹേവാര്‍ഡ് കളിയിലെ തന്റെ രണ്ടാംഗോള്‍ നേടി ടീമിന് സമനില സമ്മാനിച്ചു. കളി 42 മിനിറ്റിലെത്തിയപ്പോള്‍ ജേക്കബ് ആന്‍ഡേഴ്‌സണും സ്‌കോര്‍ ചെയ്തു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ നഥാന്‍ എഫ്രോംസും ഓസ്‌ട്രേലിയയ്‌ക്കായി ഗോള്‍ നേടി. അവര്‍ 4-2ന് മുന്നിലെത്തി. നാലാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ കൂടുതല്‍ സ്‌കോറിങ്ങിന് മുതിര്‍ന്നില്ല. പക്ഷെ ഭാരതനിരയെ ശരിക്കും വരുതിയിലാക്കിയ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. 15 മിനിറ്റിനിടെ ഒരേയൊരു തവണ മാത്രമാണ് ഭാരതത്തിന് പെനല്‍റ്റി കോര്‍ണര്‍ നേടിയെടുക്കാന്‍ സാധിച്ചത്. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: