ടൊറന്റോ: ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള പോരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ വിജയത്തോടെ തിരിച്ചുവരവിനൊരുങ്ങി പ്രജ്ഞാനന്ദ. ഇന്ത്യന്‍ താരമായ വിദിത് ഗുജറാത്തിയൊണ് പ്രജ്ഞാനന്ദ തോല്പിച്ചത്. കറുത്തകരുക്കളുമായി പോരാടിയ പ്രജ്ഞാനന്ദ 45 നീക്കങ്ങളില്‍ വിദിത് ഗുജറാത്തിയെ തോല്പിച്ചു. ഇനി വിജയിച്ചില്ലെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ നിലനില്ക്കാന് കഴിയില്ലെന്ന് കണ്ട പ്രജ്ഞാനന്ദ സ്വതസിദ്ധമായ ആക്രമണോത്സുക ഗെയിം കളിക്കുകയായിരുന്നു.
നാലാമത്തെ നീക്കത്തില്‍ പിഴവ് വരുത്തിയ വിദിത് ഗുജറാത്തി കളിയില്‍ ഉടനീളം പതറുന്നുണ്ടായിരുന്നു. ഇതോടെ ഒന്നരപോയിന്റ് നേടി പ്രജ്ഞാനന്ദ നാലാം സ്ഥാനത്താണ്. രണ്ടാം റൗണ്ടില്‍ പ്രജ്ഞാനന്ദയെ ഇന്ത്യന്‍ താരം ഡി.ഗുകേഷ് പരാജയപ്പെടുത്തിയിരുന്നു. മൂന്നാം റൗണ്ടില്‍ ഗുകേഷ് ഇയാന്‍ നെപോമ്നിയാചിയുമായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഒരു വിജയത്തോടെയും രണ്ട് സമനിലകളോടെയും ഗുകേഷ് രണ്ടു പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. രണ്ടാം റൗണ്ടില്‍ ഹികാരു നകാമുറയെ തോല്പിച്ച വിദിത് ഗുജറാത്തി ഇപ്പോള്‍ ഒന്നരപോയിന്റോടെ പ്രജ്ഞാനന്ദയ്ക്ക് ഒപ്പം നില്ക്കുന്നു.
വനിതാ വിഭാഗത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി മൂന്നാം റൗണ്ടില്‍ നുര്ഗോയില് സലിമോവയെ തോല്പിച്ചു. പക്ഷെ രണ്ടാം റൗണ്ടില്‍ വൈശാലി ടാന്‍ സോംഗിലിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ വൈശാലിയ്ക്കും ഒന്നര പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: