കേരളത്തിന്റെ കാലാവസ്ഥ മാറിക്കഴിഞ്ഞു. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ 40ഡിഗ്രി സെല്‍ഷ്യസായി ചൂട്. ഇനിയും കൂടിയേക്കാം. അതിനിടയ്ക്ക് മഴ പെയ്തേക്കാം. മഴ കടുത്താല്‍ പ്രളയപ്പേടി തുടങ്ങും. കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളവാസികള്‍ക്ക് കാലാവസ്ഥാപ്പേടികൂടിയായി.
കടുത്ത വേനലിനു മുമ്പേ, വൈദ്യുതി പ്രതിസന്ധി കേരളത്തില്‍ ബാധിച്ചുകഴിഞ്ഞു. വൈദ്യുതിയുടെ ഉപയോഗം അസാധാരണമായതായാണ് കണക്കുകള്‍. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ഈ വര്‍ഷം ഏപ്രില്‍ മൂന്നിന് ഉപയോഗിച്ചത് 107.7674 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 83.1204 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളം മറ്റ് ഇടങ്ങളില്‍നിന്ന് വാങ്ങിയതാണ്. മാര്‍ച്ച് മാസം ‘പീക്ക് അവറുകളില്‍’ പരമാവധിെൈ വദ്യുതി ഉപയോഗം 5301 മെഗാവാട്ടായിരുന്നു. ഏപ്രില്‍ മൂന്നിന് അത് 5301 മെഗാവാട്ടായി. വൈകാതെ വൈദ്യുതി ഉപയോഗം പ്രതിദിനം 110 ദശലക്ഷം യൂണിറ്റിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നമ്മള് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് കറയുകയും ഉപയോഗം കൂടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പണംകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ടിവരും. അങ്ങനെ വാങ്ങുന്നത് ഇപ്പോള്‍ത്തന്നെ വിവിധ കാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമായ സംസ്ഥാനത്തിന് താങ്ങാനാകാതെവരും. വൈദ്യുതി നിരക്ക് കൂട്ടുക, വ്യവസായങ്ങള്‍ക്ക് പവര്‍കട്ട് ഏര്‍പ്പെടുത്തുക, സാധാരണ ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുക തുടങ്ങിയ പതിവ് സൂത്രവിദ്യകളാണ് പരിഹാരമായി കാണാന്‍ സാദ്ധ്യത. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുകഴിയുന്ന ഏപ്രില്‍ 26 വരെ ഇപ്പറഞ്ഞതിനൊന്നും സംസ്ഥാന സര്‍ക്കാര്‍ തയാറാകാനിടയില്ല. അതായത് പരിഹാരമില്ലാതെ പ്രതിസന്ധി നീളും. കേരളത്തിന്റെ പരിതാപം കൂടും.
ഊര്‍ജ്ജ മേഖലയിലെല്ലാം പാരമ്പര്യ വഴിവിട്ട് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഏറെയാണ്. അത് വൈദ്യുതി രംഗത്തുമുണ്ട്. സൗരോര്‍ജ്ജ ഉപയോഗത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നല്കുന്ന പ്രോത്സാഹനങ്ങളും സഹായവും ചെറുതല്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക്, വ്യക്തികള്‍ക്ക് എന്നിങ്ങനെ വിവിധ തലത്തില്‍ തരത്തില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വിജയകരമായി വിനിയോഗിക്കുന്ന സംസ്ഥാനങ്ങള്‍ ഏറെയാണ്. എന്നാല്‍, കേരളത്തില്‍ ആ പദ്ധതികളും വൈദ്യുതി മേഖലയിലെ പരിഷ്കരണ പദ്ധതികളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ‘പിഎം-സൂര്യ ഘര്‍:മഫ്ത് ബിജ്ലി യോജന’ എന്ന പേരില്‍ രാജ്യത്ത് ഒരുകോടി വീടുകള്‍ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വെച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. ഇതിനായി 75,021 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ നീക്കിവെക്കാന്‍ തീരുമാനമെടുത്തത്. കേരളം ഈ പദ്ധതിയോട് എത്രമാത്രം അനുകൂലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് പ്രചാരണം നടത്തിയെന്നത് നിരീക്ഷിച്ചാല്‍ കണ്ടെത്താനാകും. ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി വൈദ്യുതി ഉപയോഗം കുറഞ്ഞ സംവിധാനത്തിലേക്ക് മാറാന്‍ സൗജന്യമായി എല്‍ഇഡി ബള്‍ബുകള്‍ കൊടുക്കാന്‍ തയാറായപ്പോള്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ പ്രചാരണം ഓര്‍മ്മിച്ചാല്‍ മതി. എന്നാല്‍ കേരളത്തിന് വിശാലമായ ഒരു വൈദ്യുതി ഉല്പ്പാദനപ്പാടത്തിന് സാദ്ധ്യതയുണ്ട്. അത് വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നത് സങ്കല്പ്പ ശക്തിയുടെ കുറവുകൊണ്ടോ, ഭരണ സംവിധാനത്തിലുള്ളവരുടെ ഇച്ഛാശക്തിക്കുറവുകൊണ്ടോ എന്നതാണ് സംശയം.
കേരളത്തിന്റെ നെല്ലറയെന്നു അറിയപ്പെടുന്ന നാടാണ് കുട്ടനാട്. ഭാരതത്തില്ത്തന്നേയും സമുദ്രനിരപ്പില്‍ നിന്ന് താഴെ കൃഷി ചെയ്യുന്ന ഏക നാട്. ഇവിടെ നെല്‍കൃഷിപ്പാടങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം നാലു മുതല്‍ 10 അടി വരെ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാടങ്ങളിലേക്ക് നോക്കാന്‍ നമുക്ക് ഇനിയും കഴിയാത്തത് എന്തുകൊണ്ടാണ്?
കുട്ടനാട്ടില്‍ത്തന്നെ ലോവര്‍-കുട്ടനാട് ആണ് ഏറ്റവും താഴ്ന്ന പ്രദേശം. ഇവിടെ നെല്‍ക്കൃഷിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ പല കാരണങ്ങളാല്‍ വര്‍ഷങ്ങളായി നെല്‍കൃഷി കുറഞ്ഞു വരികയാണ്. പൊന്നു വിളഞ്ഞു കൊണ്ടിരുന്ന പല പാടങ്ങളും വെറും തരിശു ചതുപ്പു നിലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. വികസനത്തിന്റെ പാതയില്‍ കുട്ടനാടന്‍ മേഖല കുതിക്കാന്‍ ആഗ്രഹിക്കുകയും ആസൂത്രണം നടത്തുകയും ചെയ്യുമ്പോഴും ഇതൊരു കറുത്ത അടയാളമായി അവശേഷിക്കുന്നു.
ലോവര്‍-കുട്ടനാടിന്റെ പ്രത്യേകതയാണ് ഈ വയലുകള്‍, വര്‍ഷം മുഴുവനും വെള്ളം നില്ക്കാന് കെല്‍പ്പുള്ളവയാണ്. ഇതിനെ നമുക്ക് പുനരുപയോഗ ഉര്ജ്ജത്തിലേക്കു നടന്നു നീങ്ങുന്നു ഭാരതത്തിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഗുണകരമായി ഉപയോഗിക്കാം. എങ്ങനെയെന്നാല്‍ ഈ ഭാഗങ്ങളിലെ തരിശു പാടശേഖരങ്ങള്‍ നാം വൃത്തിയാക്കി അവിടെ ഫ്ളോട്ടിങ് സോളാര്‍ പാനല്‍ സ്ഥാപിക്കുക. അതുവഴി നമുക്കു ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഈ ഫ്ളോട്ടിങ് സോളാര്‍ പാനല്‍ ടെക്നോളജി കേരളത്തില്‍ കൊല്ലം വയനാട് ജില്ലകളില്‍ ഉപയോഗിക്കുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ നമുക്ക് നമ്മുടെ കുട്ടനാട്ടിലും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
പരീക്ഷണം തരിശു പാടശേഖരങ്ങളില്‍ ആയതിനാല്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ വര്‍ഷം മുഴുവന്‍ സൂര്യപ്രകാശം ലഭിക്കുകയും ചെയ്യും. ഫ്ളോട്ടിങ് സാങ്കേതികവിദ്യ ആയതിനാല്‍ വെള്ളപ്പൊക്ക സമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഫ്ളോട്ടിങ് സാങ്കേതിക വിദ്യയുടെ മുതല്‍ക്കൂട്ട് എന്തെന്നാല്‍ അവ വെള്ളത്തില്‍ സ്ഥാപിക്കുന്നതിനാല്‍ പാനലുകള്‍ അമിതമായി ചൂടാകുന്നത് കുറയ്ക്കാനും കഴിയും. തോടുകളാലും കായലുകളാലും ബന്ധപ്പെട്ടു കിടക്കുന്ന ലോവര്‍ കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്കു വെള്ളം ഒരു പ്രശ്നമേ അല്ല. കുട്ടനാടന്‍ മേഖലയില്‍ നിലകൊള്ളുന്ന പാടശേഖര സമിതി എന്ന ആശയം വഴി നമ്മള്‍ക്ക് സോളാര്‍ പാടങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കും.
അങ്ങനെ നമുക്ക് സാമ്പത്തികമായി ഗുണകരമല്ലാതെ കിടക്കുന്ന ഈ തരിശു ചതുപ്പു നിലങ്ങളെ വരും വര്‍ഷങ്ങളിലെ ഊര്‍ജ്ജ വിപ്ലവത്തിന്റെ ഭാഗമാക്കി മാറ്റാനാവും. സാമ്പത്തികമായ പുരോഗതിക്കുപരി അനേകം തൊഴിലവസരങ്ങള്‍ക്കും ഇത് വഴി തുറക്കും. ഈ പദ്ധതിയില്‍ ഭൂമിയുടെ ഒരു ഘടനയിലും മാറ്റം വരുത്തുന്നില്ല. ഈ പദ്ധതി വഴി സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്കി മുന്നേറുന്ന നമ്മുടെ രാജ്യത്തിനും ലോകത്തിനും ഒരു കേരള മാതൃക ആക്കി മാറ്റാനും കഴിയും.
അവസാനമായി ഇതുകൂടി. ഗുജറാത്തിലെ ഓംകാരേശ്വര്‍ ഡാം നര്‍മ്മദാ റിവര്‍ പിവി പാര്‍ക്ക് സോളാര്‍ എന്നൊരു പദ്ധതിയെക്കുറിച്ചാണ്. ഈ വര്‍ഷം കമ്മീഷന് ചെയ്യാന്‍ പോകുന്ന പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 2000 ഹെക്ടര്‍ സ്ഥലത്താണ് അവിടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. ഇത് ഗുജറാത്തിലെ പല സോളാര്‍ പദ്ധതികളില്‍ ഒന്നുമാത്രമാണ്. ഗുജറാത്ത് ഓരോ മേഖലയില്‍ സ്വയം പര്യാപ്തരാകുന്നത് ഇങ്ങനെയൊക്കെയാണ്.
(ലേഖകന്‍ ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ എംഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: