മുന്‍ പ്രതിരോധമന്ത്രിയും നിലവില്‍ ധനമന്ത്രിയുമായ നിര്‍മ്മല സീതാരാമന്‍ ലോകസഭയിലേയ്‌ക്ക് മത്സരിക്കാത്തിന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നു പറയുന്നത് മന്‍മോഹന്‍ സിങ്ങിന്റെയും എ.കെ. ആന്റണിയുടേയും പാര്‍ട്ടിക്കാരും. മന്‍മോഹന്‍ ആറു തവണ രാജ്യസഭയില്‍ എത്തിയപ്പോള്‍ അഞ്ച് തവണയുമായി ആന്റണി തൊട്ടടുത്തുണ്ട്. ജയിക്കാനായില്ലങ്കിലും മുന്‍ ധനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ് ഒരു തവണ ലോകസഭയിലേയക്ക് മത്സരിച്ചു എന്നു പറയാം. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ കാര്യത്തില്‍ അതുമില്ല. മുഖ്യമന്ത്രി ആകാന്‍ രാജ്യസഭ അംഗത്വം രാജിവച്ചു എന്നല്ലാതെ ഒരിക്കലും ലോകസഭ സ്ഥാനാര്‍ത്ഥി ആയിട്ടില്ല. നിര്‍മ്മല സീതാരാമന്‍ മൂന്നാം തവണയാണ് രാജ്യസഭയില്‍ എത്തിയത്. 2028 വരെ കാലാവധിയും ഉണ്ട്.
ആറു തവണ രാജ്യസഭയിലേയ്‌ക്ക് നാമ നിര്‍ദേശം ചെയ്യപ്പെട്ട രണ്ടു പേര്‍ മാത്രം. മന്‍മോഹന്‍ സിങ്ങും നജ്മ ഹെപ്തുള്ളയും. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയടക്കം വഹിച്ച നജ്മ ആറു ടേമിലായി 36 വര്‍ഷമാണ് രാജ്യസഭയില്‍ പ്രവര്‍ത്തിച്ചത്. 1980 മുതല്‍ നാല് തവണ മഹാരാഷ്‌ട്രയില്‍ നിന്ന് രാജ്യസഭാംഗമായിരുന്നു, 1980, 1986, 1992, 1998 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. 2004ല്‍ മധ്യപ്രദേശില്‍ നിന്നും 2012ല്‍ രാജസ്ഥാനില്‍നിന്നും ബിജെപി പ്രതിനിധിയായും നജ്മ രാജ്യസഭയിലുണ്ടായിരുന്നു. നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രി ആയിരിക്കെ 1991ല്‍ ആസാമില്‍നിന്നാണ് മന്‍മോഹന്‍സിങ് ആദ്യം രാജ്യസഭയിലെത്തിയത്. പിന്നീട് തുടര്‍ച്ചയായി നാലു തവണകൂടി ആസാമില്‍നിന്നും 2019ല്‍ രാജസ്ഥാനില്‍ നിന്നും ജയിച്ചു. 2025ല്‍ കാലാവധി പൂര്‍ത്തിയാകും .
ഇരുവര്‍ക്കും പിന്നില്‍ അഞ്ചു തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ മൂന്നു പേര്‍. അതില്‍ രണ്ടും മലയാളികള്‍. എ.കെ. ആന്റണിയും മുസ്ലിം ലീഗിന്റെ വി.ബി. അബ്ദുള്ളക്കോയയും. മഹാരാഷ്‌ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സരോജ് ഖപാര്‍ദേ ആണ് മൂന്നാമന്‍.
എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എ.കെ. ആന്റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലെത്തിയത്. പിന്നീട് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കെ. കരുണാകരന്‍ രാജിവച്ചപ്പോള്‍ 1995ല്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി രാജിവച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദവി ഇടയ്‌ക്ക് ഉപേക്ഷിച്ച് വീണ്ടും രാജ്യസഭയിലെത്തി. 2005ല്‍ ഉപരിസഭയില്‍ എത്തിയ ആന്റണി 2022 വരെ തുടര്‍ന്നു. ആകെ 28 വര്‍ഷം… വി.ബി. അബ്ദുള്ളക്കോയ 1967 മുതല്‍ 1998 വരെ 30 വര്‍ഷം രാജ്യസഭയിലിരുന്നു. വയലാര്‍ രവി നാലു തവണയായി 24 വര്‍ഷം രാജ്യസഭയില്‍ ഉണ്ടായിരുന്നു. കെ. കരുണാകരന്‍, പി.ജെ. കുര്യന്‍, തെന്നല ബാലകൃഷ്ണ പിള്ള, അബ്ദുള്‍ വഹാബ് എന്നിവര്‍ മൂന്നു തവണ രാജ്യസഭയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: