ലഖ്നൗ: അമേഠിയില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര മത്സരിച്ചാല്‍ രണ്ടര ലക്ഷം വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോല്‍ക്കുമെന്ന പരിഹാസവുമായി ബിജെപി. ഗാന്ധി കുടുംബത്തില്‍ നിന്നും മറ്റാരെങ്കിലും വന്നാല്‍ ബിജെപി 50,000 വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രിയങ്ക ഗാന്ധിയും മത്സരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം പ്രസ്താവിച്ചതോടെയാണ് ബിജെപിയില്‍ നിന്നും പല രീതിയില്‍ പരിഹാസങ്ങള്‍ ഉയരുന്നത്.
റോബര്‍ട്ട് വദ്ര അമേഠിയില്‍ മത്സരിക്കും എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദിയിലെ ഒരു ചൊല്ല് ആണ് ഓര്‍മ്മ വരുന്നത്. കോണ്‍ഗ്രസ് ചതുപ്പില്‍ കുടങ്ങിയ ആനയാണെന്നും അങ്ങിനെയാവുമ്പോള്‍ തവള പോലും ഉപദ്രവിക്കുമെന്നും ബിജെപി എംപി ലഹര്‍ സിങ്ങ് സിറോയ് പരിഹസിച്ചു.
കോണ്‍ഗ്രസിന് ഒരിയ്ക്കലും കുടുംബരാഷ്ട്രീയത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയില്ലെന്നതിന് ഉദാഹരണമാണ് റോബര്‍ട്ട് വദ്രയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു. ഗാന്ധി കുടുംബത്തിലെ മരുമകന് എന്നതല്ലാതെ മറ്റെന്ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റാണ് താങ്കളുടെ പക്കലുള്ളതെന്ന് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ ചോദിച്ചു.
അമേഠിയില്‍ മത്സരിച്ച് തോറ്റാല്‍ ദേശീയ നേതാക്കള്‍ എന്ന തങ്ങളുടെ ഭാവിയ്ക്ക് കോട്ടം തട്ടുമെന്ന് പ്രിയങ്കയ്ക്കും രാഹുലിനും അറിയാം. അതിനാലാണ് ഇരുവരും മത്സരരംഗത്ത് നിന്നും മാറി നില്‍ക്കുന്നത്. പകരം ബലിയാടായി റോബര്‍ട്ട് വദ്രയെ ഇറക്കിയാല്‍ ഗാന്ധി കുടുംബം ഈ മണ്ഡലം കൈവിട്ടിട്ടില്ല എന്ന് ഗാന്ധി കുടുംബത്തിന് സമാധാനിക്കുകയും ചെയ്യാം. റോബര്‍ട്ട് വദ്ര തോറ്റാലും തങ്ങളുടെ നാണക്കേട് ഒഴിവായിക്കിട്ടുകയും ചെയ്യും. റോബര്‍ട്ട് വദ്രയ്ക്കാകട്ടെ തോറ്റാലും ഗാന്ധികുടുംബാംഗം എന്ന നിലയിലുള്ള തന്റെ സ്ഥാനം രാഷ്ട്രീയത്തില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. ഈ മത്സരത്തിലൂടെ റോബര്‍ട്ട് വദ്രയ്ക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി കടന്നുവരികയും ചെയ്യാം.
2019ലെ രാഹുല്‍ഗാന്ധിയുടെ തോല്‍വിയോടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഇവിടെ മത്സരിക്കാന്‍ തയ്യാറാവാതിരിക്കുന്നത്. 55,000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോല്പിച്ചത്. ഇതോടെ രാഹുല്‍ഗാന്ധി 2024ല്‍ വയനാട് എന്ന സുരക്ഷിതമണ്ഡലത്തിലേക്ക് മാറിയിരിക്കുകയാണ്.
സ്മതി ഇറാനിയാകട്ടെ തന്റെ എല്ലാ രാഷ്ട്രീയ സൗഭാഗ്യങ്ങള്‍ക്കും കാരണമായ മണ്ഡലമായി അമേറിയെ കാണുന്നു. കിട്ടുന്ന സമയത്തെല്ലാം ഇവിടെ ഓടിയെത്തുന്നു. ജനങ്ങളുടെ പരാതികള്‍ക്ക് സത്വരപരിഹാരമുണ്ടാക്കുന്നു. രാഹുല്‍ ഗാന്ധിയെ തോല്പിച്ചതോടെയാണ് സ്മൃതി ഇറാനി ദേശീയ തലത്തില്‍ ശ്രദ്ധേയയായതും നിര്‍ണ്ണായക കേന്ദ്രവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായതും. ഇപ്പോള്‍ സ്മൃതി ഇറാനി അമേഠിയില്‍ സ്വന്തമായി വീടും പണിതിരിക്കുകയാണ്. ഇതോടെ നാട്ടുകാരുടെ പരാതികള്‍ കൂടുതലായി കേള്‍ക്കാന്‍ കഴിയുമെന്നും സ്മൃതി ഇറാനി കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: