ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഹോസ്റ്റലിലെ 47 ബിരുദാനന്തര (പിജി) വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളറയാണെന്നാണ് പ്രാഥമിക നിഗമനം. ലാബ് പരിശോധന ഫലം വന്നതിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
വിദ്യാർഥികളിൽ 28 പേർ ട്രോമ കെയർ സെൻ്ററിലും മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) ചികിത്സയിലാണ്. കോളേജ് ഹോസ്റ്റലിലെ വൃത്തിയില്ലായ്മയാണ് തങ്ങൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലിലെ ശുചിമുറികളൊന്നും പതിവായി വൃത്തിയാക്കുന്നില്ല, ശുദ്ധമായ കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടില്ല. മാത്രമല്ല ഹോസ്റ്റലിൽ കൃത്യമായ ശുചീകരണവും നടക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഇതിനകം കോളേജിലെ ഒരു റസിഡൻ്റ് ഡോക്ടർക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ മറ്റ് വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി വ്യക്തമാകുവെന്ന് ബിഎംസിആർഐ ഡീനും ഡയറക്ടറുമായ ഡോ. രമേഷ് കൃഷ്ണ പറഞ്ഞു. നിലവിൽ ഹോസ്റ്റലിലെ കുടിവെള്ള സാമ്പിൾ കോളറ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ മറ്റ് വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: