ഷില്ലോങ്: മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ചരിത്രനേട്ടത്തിനിരികില്‍. ടീമിന്റെ ഇന്നത്തെ ഐലീഗ് പോരാട്ടത്തില്‍ ഷില്ലോങ് ലാജോങ്ങിനെ തോല്‍പ്പിക്കാനായാല്‍ ആദ്യമായി ലീഗ് കിരീടത്തില്‍ മുത്തമിടാം.
ലീഗില്‍ തൊട്ടടുത്ത എതിരാളികളായ ശ്രീനിധി ഡെക്കാന്‍ അഞ്ച് പോയിന്റ് പിറകിലുണ്ട്. ഇരുടീമുകള്‍ക്കും രണ്ട് വീതം മത്സരങ്ങളാണുള്ളത്. 49 പോയിന്റ് നേടിയിട്ടുള്ള മുഹമ്മദന്‍ എസ് സി ഇന്ന് ജയിച്ചാല്‍ 52 പോയിന്റാകും. ഇതേസമയം ശ്രീനിധിക്ക് രണ്ട് കളികളും ജയിച്ചാല്‍ നേടാനാകുക 50 പോയിന്റാണ്. ഈ നിലയ്‌ക്ക് ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരം മുഹമ്മദന്‍ എസ് സിക്ക് നിര്‍ണായകമാണ്. ഷില്ലോങ്ങിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ രാത്രി ഏഴിനാണ് മത്സരം. ഇരുവരും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടല്‍ സമനിലയിലാണ് കലാശിച്ചത്. മുഹമ്മദന്‍ എസ് സിയുടെ തട്ടകമായ നൈഹാട്ടിയില്‍ കഴിഞ്ഞ നവംബര്‍ 23നായിരുന്നു പോരാട്ടം. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് അന്ന് സമനിലയില്‍ പിരിഞ്ഞത്.
ഇന്നത്തെ മത്സരം സമനിലയിലായാല്‍ മുഹമ്മദന്‍ വീണ്ടും കാത്തിരിക്കേണ്ടിവരും. തിങ്കളാഴ്‌ച്ച നടക്കുന്ന മത്സരത്തില്‍ ശ്രീനിധി പരാജയപ്പെട്ടാല്‍ അന്ന് ജേതാക്കളാകും. ഇല്ലെങ്കില്‍ അടുത്ത ശനിയാഴ്ച ലീഗിന്റെ സീസണിലെ അവസാന പോരാട്ടദിനത്തിലേക്ക് കാര്യങ്ങള്‍ നീളും.
നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയിട്ടുള്ള ബംഗാള്‍ ക്ലബ്ബ് മുഹമ്മദന്‍ ഇതുവരെ ഐ ലീഗ് നേടിയിട്ടില്ല. 2021-22 സീസണില്‍ റണ്ണേഴ്‌സ് അപ്പ് ആയതാണ് ഏറ്റവും വലിയ നേട്ടം. അക്കൊല്ലം ജേതാക്കളായ ഗോകുലം കേരള എഫ്‌സി പിന്നീട് കിരീടത്തിനരികത്തെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക