കോഴിക്കോട്: കോണ്‍ഗ്രസിന് എസ്ഡിപിഐയോട് ഡബിള്‍ റോളെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. എസ്ഡിപിഐയോട് വടക്കന്‍ കേരളത്തില്‍ ഒരു നിലപാടും തെക്ക് മറ്റൊരു നിലപാടുമാണ് അവര്‍ക്ക്. കോണ്‍ഗ്രസും യുഡിഎഫും എടുത്ത തീരുമാനം ആത്മാര്‍ത്ഥതയില്ലാത്തതാണ്. ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചടി നേരിടുമെന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണം. മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്, കൃഷ്ണദാസ് പറഞ്ഞു.
ബിജെപിയുടെ പ്രതികരണമാണ് തീരുമാനം മാറ്റി, പിന്തുണവേണ്ടെന്ന നിലപാടെടുത്തത്. ഈ തീരുമാനം തത്ത്വാധിഷ്ഠിതമല്ല. കാസര്‍കോടു മുതല്‍ പാലക്കാടുവരെ എസ്ഡിപിഐയുമായി സഖ്യമുണ്ട്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ സഖ്യം രഹസ്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോടും ആലപ്പുഴയിലും എസ്ഡിപിഐ സഖ്യം എല്ഡിഎഫുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പിന്തുണ യുഡിഎഫിനാണെങ്കില്‍ നിയമസഭയില്‍ അത് എല്‍ഡിഎഫിനാവും. ഒരേസമയം ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണ ഉണ്ടാവണമെന്നാണ് എസ്ഡിപിഐ ആഗ്രഹിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും എന്‍ഡിഎയുടെ സാധ്യത സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മോദി ഗാരന്റിയെ കേരളം നെഞ്ചോടുചേര്ക്കുന്നതിലുള്ള ഭയമാണ് ഭീകരസംഘടനകളുമായി സഖ്യത്തിന് എല്‍ഡിഎഫിനെയും യുഡിഎഫിനെയും പ്രേരിപ്പിക്കുന്നത്. എളമരംകരീം, ‘കരീംക്ക’യായത് തീവ്രവാദികളുടെ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി പരസ്യപിന്തുണ പ്രഖ്യാപിച്ചാല്‍ സിപിഎം നിലപാട് എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
വികസനത്തെപ്പറ്റി ഒന്നും പറയാനില്ലാത്ത എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയവികാരം ഇളക്കിവിടുന്നു. മതഭീകരവാദികള്‍ക്ക് അടിയറവ് പറയുന്ന കോണ്‍ഗ്രസിന് സ്വന്തം പതാക ഉയര്ത്തിപ്പിടിക്കാനാകാത്തവണ്ണം മതഭീകരസംഘടനകള്‍ക്ക് കീഴടങ്ങി, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: