ടി.എന്‍. ശേഷന് 1990 ല്‍ പത്താമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായതോടെയാണ് ഭാരതത്തിലെ സാമാന്യ ജനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയറിഞ്ഞത്. അതിന് മുമ്പ് കാബിനറ്റ് സെക്രട്ടറിയായി, വിരമിക്കാനിരിക്കെ, തമിഴ്നാട്ടിലെ വീട്ടിലേക്ക് ദല്‍ഹിയില്‍നിന്ന് വീട്ടുസാമാനങ്ങള്‍ കെട്ടിപ്പെറുക്കി അയക്കാന്‍ ഒരുങ്ങിയിരിക്കേയാണ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിലെത്തിയത്. ശേഷന്റെ ശിഷ്യന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് അതിന് കാരണമായത്. അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ മികച്ചൊരാളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയിലേക്ക് അന്വേഷിക്കുകയായിരുന്നു. പിന്നെ സംഭവിച്ചത് ചരിത്രം. ഓരോ തെരഞ്ഞെടുപ്പിലും ഓര്‍മ്മിക്കും ആരും ടി.എന്‍. ശേഷനെ, നന്ദിയോടെ.
ശേഷന്റെ കാര്യം പോലെയായിരുന്നു നരസിംഹറാവുവിന്റെയും. ജന്മനാടായ ആന്ധ്രയിലെ വാറങ്കലിലേക്ക് വണ്ടി പിടിക്കാനിരിക്കെയാണ് രണ്ടുവട്ടം വിദേശകാര്യ മന്ത്രി (1980-84, 1988-89) പദവിയില്‍ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കൂടെ പ്രവര്‍ത്തിച്ച പി.വി. നരസിംഹ റാവുവിന് പ്രധാനമന്ത്രിപദവും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും ലഭിച്ചത്. പില്ക്കാലത്ത് ബിജെപി ഭരണത്തില്‍ ഭാരതരത്ന നല്കി ആദരിച്ച റാവുവിനെ പക്ഷേ ബിജെപിയാണ് ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. പ്രധാനമന്ത്രിയായിരിക്കെ ഭരണതലത്തില്‍ കൈക്കൊണ്ട നിലപാടുകളുടെ പേരില്‍, ശരിയായ നിലപാടുകള്‍ കൈക്കൊള്ളാത്തതിന്റെ പേരില്‍ ആയിരുന്നു ആ എതിര്‍പ്പുകള്‍; വ്യക്തിപരമായിരുന്നില്ല. അതേസമയം, റാവുവിന്റെ കാലത്തെ ചില നല്ല ചെയ്തികളെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
നരസിംഹറാവുവാണ് സീനിയര്‍
രാജീവ്ഗാന്ധിയുടെ ദുരന്തമാണ് റാവുവിന് വീഥിയൊരുക്കിയത്. രാജീവ് വധിക്കപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്, ഒപ്പം പ്രധാനമന്ത്രിസ്ഥാനാര്ത്ഥിത്വത്തിലേക്ക് ആര് എന്ന ചോദ്യം വന്നു. രാജീവ് വധിക്കപ്പെട്ട് 18 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ദല്‍ഹിയില്‍ ചേര്‍ന്നു; പാര്‍ട്ടി ആസ്ഥാനത്ത്. അടുത്ത നേതാവാകാന്‍ കോണ്‍ഗ്രസില്‍ ഏറെപ്പേര്‍ ആഗ്രഹവുമായി ഉണ്ടായിരുന്നു. ശരദ് പവാര്‍, എന്‍.ഡി. തിവാരി, അര്ജുന് സിങ്, കര്‍ണാടക മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീല്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ന റെഡ്ഡി തുടങ്ങിയവര്‍ ചില പ്രമുഖര്‍. ബൂട്ടാസിങ്, ഗുലാംനബി ആസാദ്, ആര്.കെ. ധവാന്, ജിതേന്ദ്ര പ്രസാദ് തുടങ്ങി രാജീവിന്റെ വലംകൈയായിരുന്നവര് വേറെ. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ നിയമപ്രകാരം പ്രസിഡന്റില്ലെങ്കില്‍ യോഗാധ്യക്ഷനാകേണ്ടത് മുതിര്‍ന്ന ജനറല്‍ സെക്രട്ടറിയാണ്. ആരാണ് ‘മുതിര്‍ന്ന’തെന്ന് നിശ്ചയിക്കാന്‍ പോലും പാര്‍ട്ടിക്ക് അന്ന് കഴിഞ്ഞില്ല. ഒടുവില്‍ അത്ര സീനിയറല്ലാത്ത പ്രണബ് മുഖര്‍ജിയാണ്, നരസിംഹറാവുവാണ് സീനിയര്‍ എന്ന് ‘വിധി’ച്ചത്. അത് സമ്മതിക്കപ്പെട്ടു. റാവു യോഗത്തില്‍ അധ്യക്ഷനായി.
അന്നൊക്കെ കോണ്‍ഗ്രസില്‍ പാര്‍ട്ടി അധ്യക്ഷനും ‘പ്രധാനമന്ത്രി’യും ഒരാളാണ്; വണ്മാന് വണ്‍ പോസ്റ്റ് വ്യവസ്ഥയില്ല. പിറ്റേന്നും കമ്മറ്റി യോഗം ചേര്‍ന്നു. സോണിയാ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷപദവി വഹിക്കാന്‍ വിസമ്മതിച്ചു. നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ അര്‍ജുന്‍സിങ്ങാണ് നരസിംഹറാവുവിന്റെ പേര് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ശരദ് പവാര്‍ പിന്താങ്ങി.
എനിക്ക് കിട്ടാത്ത മുന്തിരി മറ്റാര്‍ക്കും ലഭിക്കരുതെന്നല്ല, തനിക്ക് എതിര്‍പ്പുള്ളവര്‍ക്ക് എന്തായാലും കിട്ടരുത് എന്ന വാശിയുണ്ടായിരുന്നു കോണ്‍ഗ്രസിലെ എല്ലാ മുതിര്‍ന്നവര്‍ക്കും. അങ്ങനെ, ദല്‍ഹി വിടാന്‍ തീരുമാനിച്ച റാവു, കോണ്‍ഗ്രസ് അധ്യക്ഷനായി, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാനമന്ത്രിയുമായി. നെഹ്റു കുടുംബത്തിനു പുറത്ത് ആദ്യത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി.
ന്യൂനപക്ഷ സര്‍ക്കാറിന്റെ അതിജീവനം
നരസിംഹറാവുവിന്റേത് ‘ന്യൂനപക്ഷ’ സര്‍ക്കാരായിരുന്നു. പതിനൊന്നാം ലോക്സഭ’ ഹങ് പാര്‍ലമെന്റാ’യിരുന്നല്ലോ (തൂക്ക് പാര്‍ലമെന്റ്). ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നു തെരഞ്ഞെടുപ്പുഫലം. ‘തമ്മില്‍ ഭേദം തൊമ്മന്’ എന്ന മട്ടില്‍ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം കിട്ടി. പ്രതിപക്ഷം ഒറ്റക്കെട്ടായി നില്ക്കാഞ്ഞതാണ് ഒരുകാരണം. അതിന് ഇടയാക്കിയത് ബിജെപിയെ ഒറ്റപ്പെടുത്തുക, അതിന് രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുക എന്ന തീരുമാനമായിരുന്നു. നരസിംഹറാവു 232 കോണ്‍ഗ്രസ് എംപിമാരുടെയും 11 ഓള് ഇന്ത്യാ അണ്ണാ ഡിഎംകെ എംപിമാരുടെയും പിന്തുണയില്‍, ഭരിക്കാന്‍ 272 അംഗബലം വേണ്ടിടത്ത് 243 പേരുടെ ശക്തിയില്‍ രാജ്യം ഭരിച്ചു.
സാങ്കേതികമായി പറഞ്ഞാല്‍, റാവു അല്ല ആദ്യത്തെ ‘ന്യൂനപക്ഷ സര്‍ക്കാര്‍’ നയിച്ചത്. കോണ്‍ഗ്രസ് ഭരണമായിരുന്നു അതും. ഇന്ദിരാഗാന്ധിയുടെ കാലത്ത,് 1969 ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പേരില്‍ കോണ്‍ഗ്രസില്‍ത്തന്നെ പിളര്പ്പുണ്ടായല്ലോ. പിളര്‍ന്ന് മാറിയ കോണ്‍ഗ്രസുകാരുടെ എണ്ണം കുറച്ചാല്‍ ഇന്ദിരാ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. പക്ഷേ അന്ന് ആ സാങ്കേതിക ചോദിക്കാന്‍ തക്ക പ്രതിപക്ഷമില്ലായിരുന്നു. അവിശ്വാസ പ്രമേയത്തിന് അതുകൊണ്ടുതന്നെ അവസരവും ഇല്ലാതെ പോയി.
ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചതും വി.പി. സിങ്ങിനെ ബിജെപി പുറത്തുനിന്നു പിന്തുണച്ചതും എച്ച്.ഡി. ദേവഗൗഡയേയും ഐ.കെ. ഗുജ്റാളിനെയും കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണച്ചതും സാങ്കേതികമായി പറഞ്ഞാല്‍ ‘ന്യൂനപക്ഷ ഭരണ’ത്തിനായിരുന്നു. പക്ഷേ അതില്‍നിന്നൊക്കെ വ്യത്യസ്തമായിരുന്നു റാവുഭരണം.
റാവുസര്‍ക്കാരിന് 1993 ജൂലൈയില്‍ അവിശ്വാസ പ്രമേയം നേരിടേണ്ടിവന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ബന്ധിതമായി; ബിജെപി മുന്‍കൈയെടുത്ത് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം. സാമ്പത്തിക സ്ഥിരതയില്ലായ്മ, 1991 ലെ അയോദ്ധ്യാ സംഭവങ്ങള്‍ ഒക്കെയായിരുന്നു വിഷയം. സഭയില്‍ കോണ്‍ഗ്രസ് 251 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 13 പേരുടെ കുറവ്. കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ തോല്‍ക്കേണ്ടതാണ്. പക്ഷേ അവിശ്വാസ പ്രമേയം 14 വോട്ടിന് തോറ്റു. സര്‍ക്കാരിന് 265 വോട്ട് കിട്ടി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: