കൊല്ലം: ഇലക്ടറല്‍ബോണ്ട് വഴി ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഫണ്ട് സ്വരൂപിച്ചപ്പോള്‍ അതില്‍ അഴിമതിയാരോപണം ഉന്നയിച്ച സിപിഎം രാജ്യത്തെ നിരവധി കമ്പനികളില്‍ കോടിക്കണക്കിന് രൂപ ചെക്കായി കൈപ്പറ്റിയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണ്‍. സിപിഎം സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു നല്കിയ ഓഡിറ്റ് രേഖകളും കൊല്ലത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷിബുബേബി ജോണ്‍ പുറത്തുവിട്ടു.
നവയുഗ എന്‍ജിനീയറിങ് കമ്പനി ഹൈദരാബാദില്‍ നിന്ന് രണ്ടുതവണയായി 50 ലക്ഷം, മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹൈദരാബാദ്- 25 ലക്ഷം, ഡോ. റെഡ്ഡി ലബാറട്ടറീസ് ഹൈദരാബാദ്-5 ലക്ഷം, ഹൈദരാബാദ് നാട്‌കോ ഫാര്‍മ-25 ലക്ഷം, ഹൈദരാബാദ് അരവിന്ദോ ഫാര്‍മ 50,000, വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫഌറ്റ് അഴിമതിയില്‍ ഉള്‍പ്പെട്ട യുണിടെക് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് രണ്ടു തവണയായി രണ്ടേകാല്‍ ലക്ഷം രൂപ ഉള്‍പ്പെടെ രാജ്യത്തെ അഞ്ഞൂറിലധികം കമ്പനികളില്‍ നിന്ന് 50,000 മുതല്‍ 50 ലക്ഷം വരെ സിപിഎം വാങ്ങിയിട്ടുണ്ട്.
ഇലക്ട്രല്‍ ബോണ്ടില്‍ അഴിമതി ആരോപിച്ച സിപിഎം, നേരിട്ട് പണം കൈപ്പറ്റിയതിനെ കുറിച്ച് വ്യക്തമാക്കണമെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു. മറ്റെല്ലാവരും അഴിമതിക്കാരും തങ്ങള്‍ വിശുദ്ധരുമാണെന്നുള്ള സിപിഎമ്മിന്റെ വാദം ഇവിടെ പൊളിഞ്ഞിരിക്കുന്നു.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ഏറ്റവും കൂടുതല്‍ ബോണ്ടുവാങ്ങിയത് ഡിഎംകെയില്‍ നിന്നാണ്. ഇതേ ഡിഎംകെ സിപിഎമ്മിനും സിപിഐക്കും പണം നല്കിയിട്ടുണ്ട്. അപ്പോള്‍ ഇലക്ടറല്‍ ബോണ്ടിന്റെ പങ്ക് സിപിഎമ്മിനു ലഭിച്ചിട്ടുണ്ടെന്നും ഷിബു പറഞ്ഞു. സോഷ്യല്‍ എന്‍ജിനിയറിങ് കൈവിട്ട് ന്യൂനപക്ഷ വോട്ടുകള്‍ കൈക്കലാക്കാന്‍ മുഖ്യമന്ത്രി കമ്മ്യൂണല്‍ എന്‍ജിനിയറിങ് ആണ് നടത്തുന്നത്. ഓരോ പ്രദേശത്തെയും സാമുദായിക വികാരം തങ്ങള്‍ക്ക് അനുകൂലമാക്കുന്ന രിതീയില്‍ തനി വര്‍ഗീയതയാണ് മുഖ്യമന്ത്രി പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: