കോട്ടയം: പ്രസംഗത്തിനിടെ മൈക്ക് അറിയാതെ ഒന്ന് കൂവി പോയി. പിന്നെ ഒട്ടും താമസിച്ചില്ല അവനെ ഓടിച്ചു കയ്യിലെടുത്തു. ഇരട്ടച്ചങ്കന് മുഖ്യമന്ത്രിയോടാണോ കളി. കോട്ടയത്തെ ലോക്സഭാ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തലയോലപ്പറമ്പില്‍ ചേര്‍ന്ന യോഗത്തിലായി രുന്നു സംഭവം.
സഖാക്കളെ സഹോദരീ സഹോദരന്മാരെ എന്ന് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി, ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാമല്ലോ എന്ന് പറഞ്ഞപ്പോഴേക്കും മൈക്ക് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഒരു കടലാസോ മറ്റോ പറന്നുപോയി. അത് നോക്കുന്നതിനിടെ സ്റ്റാന്‍ഡ് അനങ്ങിയിട്ടവാം മൈക്ക് ഹൗള് ചെയ്തു. മൈക്കിന്റെ ഹൗളിംഗ് പണ്ടേ മുഖ്യമന്ത്രിക്ക് ഇഷ്ടമല്ല. അതിന്റെ പേരില്‍ പണ്ടൊരുകാലത്ത് മൈക്ക് ഓപ്പറേറ്ററെ അതിരൂക്ഷമായി ശകാരിച്ചതും കേസെടുത്തതുമൊക്കെ വിവാദമായിരുന്നു. ഇന്ന് പക്ഷേ മൈക്ക് ഓപ്പറേറ്ററെ തേടിപ്പോകാനൊന്നും മുഖ്യമന്ത്രി കാത്തുനിന്നില്ല. മൈക്കിന്റെ കഴുത്തിന് പിടിച്ച് ഒറ്റ അമര്‍ത്തല്‍. അതോടെ അത് ഒടിഞ്ഞു കൈയിലിരുന്നു.
മന്ത്രി വി.എന്‍ വാസവനും കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയുമൊക്കെ ഓടിവന്ന് മൈക്ക് ശരിയാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രി കസേരയിലേക്ക് മടങ്ങി. ഓപ്പറേറ്ററും മറ്റുള്ളവരും ഓടിയെത്തി മൈക്ക് നന്നാക്കിയെടുക്കാന്‍ അഞ്ചു മിനിറ്റോളം വേണ്ടി വന്നു. അതിനുശേഷമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
മൈക്കില്‍ മുഖ്യമന്ത്രി പിടിച്ച അമര്‍ത്തുന്നതും ഒടിച്ചു കയ്യിലെടുക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഖ്യമന്ത്രി ഹൗളിംഗ് കേട്ട് കലിപ്പിലായതു തന്നെയാകണം. ഏതായാലും മൈക്ക് ഓപ്പറേറ്റര്‍ക്ക് കുശാലായി. കേസും പുക്കാറുമൊക്കെ പിന്നാലെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: