ന്യൂദല്‍ഹി: വോട്ടുബാങ്ക് ലക്ഷ്യമിട്ട് രാജ്യവിരുദ്ധ വാഗ്ദാനങ്ങളുമായി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം പ്രകടനപത്രിക. സിഎഎ, യുഎപിഎ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) എന്നിവ റദ്ദാക്കും, കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ചിലത്. ഇന്നലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, തപന്‍സെന്‍, നീലോത്പല്‍ ബസു എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡി ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴാണ് സിപിഎം ഈ നിയമംതന്നെ ഇല്ലാതാക്കുമെന്ന വാഗ്ദാനം മുന്നോട്ടുവെക്കുന്നത്. കേരളത്തിലടക്കം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പല കേസുകളിലും നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തതും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായാണ്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സിഎഎ റദ്ദാക്കുമെന്ന പ്രസ്താവനയും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനവും കൃത്യമായ വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ളതാണ്. ജാതി സെന്‍സസ് നടത്തുമെന്നും ഗവര്‍ണര്‍ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്നും സിപിഎം പ്രകടനപത്രികയിലുണ്ട്.
ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രകടനപത്രികയുടെ ഉള്ളടക്കം വിശദീകരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന ചോദ്യത്തിന് ഏകദേശം 50 സീറ്റുകള്‍ എന്നായിരുന്നു മറുപടി. ഈ തെര ഞ്ഞെടുപ്പില്‍ വോട്ടു ശതമാനം കുറഞ്ഞാല്‍ ചിഹ്നം നഷ്ടപ്പെടുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതു വെറും പ്രസംഗം മാത്രമാണെന്നും അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്നുമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: