Categories: Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കും

Published by

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) സ്ഥാനാര്‍ഥികളെ പിന്തുണയ്‌ക്കാന്‍ കാസ സംസ്ഥാന സമിതി തീരുമാനിച്ചു. ഇന്നത്തെ രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും, ആഭ്യന്തര സുരക്ഷയ്‌ക്കും സാമുദായിക സന്തുലിതാവസ്ഥക്കും വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും അനിവാര്യമാണ്.

2014-ല്‍ മന്‍മോഹന്‍ സിങ് അധികാരമൊഴിയുമ്പോള്‍ ലോകത്തെ സാമ്പത്തിക ശക്തികളില്‍ പത്താം സ്ഥാനത്തായിരുന്ന ഭാരതത്തെ ബ്രിട്ടനേയും പിന്തള്ളി അഞ്ചാം സാമ്പത്തിക ശക്തിയായി ഉയര്‍ത്തിയ മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം കൂടുതല്‍ മുന്നേറേണ്ടതുണ്ട്.

ന്യൂനപക്ഷ താല്പര്യം സംരക്ഷിക്കുകയെന്ന പേരില്‍, ഇടതു വലതു മുന്നണികള്‍ നടത്തുന്ന മുസഌം പ്രീണനത്തെയാണ് തങ്ങള്‍ ഭയപ്പെടുന്നത്. ന്യൂനപക്ഷ പരിഗണന പൂര്‍ണമായും 26 ശതമാനമുള്ള മുസ്ലിം സമൂഹത്തിന് മാത്രം നല്‍കാന്‍ ഇടതു വലതു മുന്നണികള്‍ മത്സരിക്കുകയാണ്.

എല്‍ഡിഎഫും യുഡിഎഫും കൈക്കൊള്ളുന്ന നിലപാടുകള്‍ ക്രിസ്ത്യന്‍ സമുദായത്തെ രണ്ടാംതരം പൗരന്മാരാക്കി അവഗണിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ അവര്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയുമില്ല.

എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സമുദായം നേരിട്ടിട്ടുള്ള എല്ലാ പ്രശ്‌നങ്ങളിലും എന്‍ഡിഎക്ക് നേതൃത്വം കൊടുക്കുന്ന ബിജെപി ക്രൈസ്തവ സമുദായത്തിന് ഒപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിന്റെ നിലനില്‍പ്പിന് ഹിന്ദു – ക്രിസ്ത്യന്‍ ഐക്യം കേരളത്തില്‍ അടക്കം രാജ്യത്ത് എല്ലായിടത്തും ആവശ്യമാണ്. ഉത്തരഭാരതത്തിലെ മതപരിവര്‍ത്തന വിഷയങ്ങളിലുള്ള ചില അസ്വാരസ്യങ്ങള്‍ അല്ലാതെ മറ്റൊരു വിഷയങ്ങളിലും ഹൈന്ദവ സമുദായവുമായി ക്രിസ്ത്യന്‍ സമുദായത്തിന് പ്രശ്‌നങ്ങളില്ല. കാസ ചൂണ്ടിക്കാട്ടി.

യുഡിഎഫ് ഇന്ന് ഇസ്ലാമിക മതമൗലിക വര്‍ഗീയതയുടെ ആസ്ഥാനമായി.മുസ്ലിം ലീഗിനാല്‍ നയിക്കപ്പെടുന്ന സംവിധാനമായി. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന നിലപാട് എടുക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ല. തീരുമാനങ്ങള്‍ വിശദീകരിച്ച് കാസ സംസ്ഥാന അധ്യക്ഷന്‍ കെവിന്‍ പീറ്റര്‍, സെക്രട്ടറി ജിയോ മേനാച്ചേരി എന്നിവര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക