തിരുവനന്തപുരം: എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും അംഗങ്ങള്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
സമദൂര നിലപാടില്‍ മാറ്റമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും എന്‍എസ്എസിലുണ്ട്. സാമുദായിക അംഗങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും എന്‍എസ്എസിന് അകല്‍ച്ചയുമില്ല. മൂന്ന് മുന്നണികളാണ് മത്സരത്തിന് ഉള്ളതെങ്കില്‍ അവരുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി തോന്നുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. അതില്‍ എന്‍എസ്എസിന് ജാതിയോ മതമോ യാതൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു സമീപം തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്മകഫേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ വിശ്വാസത്തിന്റെ കൂടെ നിന്നവര്‍ക്ക് വിശ്വാസികള്‍ വോട്ട് ചെയ്യും. കണ്ണുമടച്ച് കൊണ്ട് എങ്ങനെയും ജയിക്കണം എന്ന രീതിയില്‍ എന്ത് അധര്‍മ്മത്തിനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. മുന്നാക്കക്കാരായിപ്പോയതിനാല് സര്‍ക്കാരുകള്‍ എന്‍എസ്എസിനെ ഒരു പ്രത്യേക ചേരിതിരിഞ്ഞ ഭാവത്തിലാണ് കാണുന്നത്. ഇവിടെ ബാക്കിയുള്ളവര്‍ മതി. ഞങ്ങള്‍ എല്ലാം നേടിക്കൊള്ളും എന്ന നിലപാടാണ് സര്‍ക്കാരുകള്‍ക്ക്. ഞങ്ങളെക്കൂടി എടുക്കണമെന്ന് പറഞ്ഞ് അവരുടെ പിന്നാലെ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഭാഗത്തിലും പാവപ്പെട്ടവരുണ്ട്. സമുദായത്തിലെ എണ്ണമല്ല നോക്കേണ്ടത്. മനുഷത്വവും സാമൂഹിക നീതിയുമാണ് നോക്കേണ്ടത്. സര്‍ക്കാരുകള്‍ ഇത് എങ്ങനെ ഏറ്റെടുക്കുന്നു എന്നതായിരിക്കും എന്‍എസ്എസിന്റെ രാഷ്ട്രീയ നിലപാട്.
തൊഴില്‍പരവും സാമ്പത്തികപരവുമായ സാമുദായിക അംഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് എന്‍എസ്എസ് സോഷ്യല്‍ സര്‍വ്വീസ് വിഭാഗം രൂപീകരിച്ചത്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്കി 19,000 സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. മിനി കഫേകളും ഏഴ് പത്മ കഫേകളും തുടങ്ങി. സംസ്ഥാനത്താകെ 50 കഫേകള്‍ കൂടി തുടങ്ങും. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇതിന്റെ സേവനം ലഭിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റുമായ എം. സംഗീത്കുമാര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, രജിസ്ട്രാര്‍ വി.വി. ശശിധരന് നായര്‍, പ്രതിനിധിസഭാംഗം കോയിക്കല്‍ ഹരികുമാര്‍, തിരുവനന്തപുരം താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് എം. കാര്ത്തികേയന് നായര്‍, സ്ഥാനാര്‍ത്ഥികളായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, ശശിതരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: