കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ സന്ദേശ്ഖാലിയില്‍ അരങ്ങേറിയ, സ്ത്രീകള്‍ക്കുനേരെയുള്ള കൂട്ടമാനഭംഗം, ഭൂമിതട്ടിയെടുക്കല്‍, പിടിച്ചുപറി എന്നിവയ്ക്കെതിരെയുള്ള കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.
ഇക്കാര്യത്തില്‍ ഒരുശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് വലിയ അപമാനമാണ്. സ്ത്രീകള്‍ ബംഗാളില്‍ സുരക്ഷിതരാണെന്നാണ് പറയാറ്. എന്നാല്‍ അവയെല്ലാം തെറ്റാണെന്നാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അവിടെയുണ്ടായ പ്രശ്നങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ജില്ലാ ഭരണകൂടവും സര്‍ക്കാരുമാണ് ഏറ്റെടുക്കേണ്ടത്. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയുടെ ചുമതലയാണ്. 100 ശതമാനം ഉത്തരവാദിത്വവും ഭരണകക്ഷിക്കാണുള്ളത്. കേസില്‍ ഷെയ്ഖ് ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകനെയും കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷ തീര്‍പ്പാക്കാത്തതിനാല്‍ ഒളിവില്‍ പോകാന്‍ ആവശ്യപ്പെട്ടത് താനാണെന്ന് ഷെയ്ഖിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
55 ദിവസത്തോളം നിങ്ങള്‍ ഒളിച്ചുകളി നടത്തി. എന്നിട്ട് പ്രത്യക്ഷപ്പെട്ടു, നിങ്ങള്‍ കണ്ണടച്ചുവെന്ന് കരുതി ഈ ലോകം മുഴുവന്‍ ഇരുട്ടാകില്ല. കോടതി ചൂണ്ടിക്കാട്ടി. ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: