രാജീവ്‌വധം സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍, അതിന്റെ സഹതാപതരംഗത്തിന്റെ സഹായമില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഭരണം 1991 ല്‍ വരില്ലായിരുന്നുവെന്നു തന്നെയാണ് ശരിയായ വിലയിരുത്തല്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 232 സീറ്റ് കിട്ടിയത് രണ്ടും മൂന്നും ഘട്ടത്തിലെ തെരഞ്ഞെടുപ്പിലെ സഹതാപതരംഗത്തിലാവണം. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായത് ആ തെരഞ്ഞെടുപ്പിലാണല്ലോ.
ബിജെപിക്ക് 1985 ല്‍ രണ്ടായി ചുരുങ്ങിയ സീറ്റെണ്ണം 1989 ല്‍ 86 ആയി, 1991 ല്‍ 121 ആയി വളര്‍ന്നു. 86 നോട് 35 ചേര്‍ന്നത് കണക്കാക്കിയാലും അതല്ല രണ്ടിനോട് 119 ചേര്‍ന്നതായാലും ശരി വലിയകുതിപ്പായിരുന്നു. ബിജെപിയുടെ ആ കുതിപ്പിനാണ് സഹതാപതരംഗം ബ്രേക്കിട്ടത് എന്നതില്‍ സംശയമില്ല.
വി.പി. സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതിന് തീരുമാനിച്ച് വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം രാഷ്‌ട്രപതി ആര്‍. വെങ്കട്ടരാമനെക്കണ്ട് അക്കാര്യം രേഖാമൂലം അറിയിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും വിശ്വാസവോട്ടു തേടാന്‍ വി.പി. സിങ് തീരുമാനിച്ചു. പാര്‍ലമെന്റില്‍, ലോക്സഭയില്‍ വിശ്വാസവോട്ടിന്മേല്‍ ചര്‍ച്ച നടന്നു. ബിജെപിക്ക് അത് മികച്ച അവസരമായി. എന്തുകൊണ്ട് പിന്തുണ പിന്‍വലിക്കുന്നുവെന്ന് വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ചയില്‍ പ്രസംഗിച്ച ഓരോ ബിജെപി നേതാക്കളും വിശദീകരിച്ചു. അത് എതിര്‍പക്ഷത്തിന്റെ കുപ്രചാരണങ്ങള്‍ക്ക് കൃത്യമായ മറുപടി ആയിരുന്നു. ബിജെപി അധ്യക്ഷനും കൂടി ആയിരുന്ന എല്‍.കെ. അദ്വാനി പ്രസംഗിച്ചപ്പോള്‍ മഹാഭാരത ഇതിഹാസ കഥയിലെ ‘ശിശുപാലവധം’ വിശദീകരിച്ചാണ് പ്രസംഗം ഉപസംഹരിച്ചത്.
അദ്വാനിയുടെ പ്രസംഗങ്ങള്‍ക്ക് അങ്ങനെ ചില പ്രത്യേകതകളുണ്ട്; അത് പാര്‍ലമെന്റിലായാലും പാര്‍ട്ടി സമ്മേളനങ്ങളിലായാലും പൊതുയോഗത്തിലായാലും വേറിട്ടൊരു രീതിയാണ്. ചരിത്രവും സംസ്‌കാരവും പുരാണ ഇതിഹാസങ്ങളും എവിടെയെങ്കിലുമൊക്കെ സംയോജിപ്പിക്കും. പാര്‍ട്ടി അദ്ധ്യക്ഷനെന്ന നിലയില്‍ നടത്തിയിരിക്കുന്ന എല്ലാ പ്രസംഗത്തിലും ആ ദിവസത്തിന്റെ, കാലത്തിന്റെ, ആനുകാലിക സംഭവങ്ങളുടെ വിവരങ്ങള്‍ക്ക് ഇങ്ങനെ ചരിത്ര- സംസ്‌കാര ബന്ധമുണ്ടാകും. ശിശുപാലവധത്തെക്കുറിച്ച് അദ്വാനി പറഞ്ഞു: ”ശ്രീകൃഷ്ണനെ ശിശുപാലന്‍ പൊതുസഭയില്‍ ഏറെ അപമാനിച്ചു, ആക്ഷേപിച്ചു, ആരോപിച്ചു. ഓരോ തവണയും കേട്ടുനിന്നവര്‍ അതിശയിച്ചു, എന്തുകൊണ്ടാണ് കൃഷ്ണന്‍ ഇത് സഹിക്കുന്നത്, പ്രതികരിക്കാത്തത് എന്ന്. അങ്ങനെയിരിക്കെ അത് സംഭവിച്ചു. ശിശുപാലന് നൂറ് ആക്ഷേപങ്ങള്‍വരെ എന്ന് കൃഷ്ണന്‍ പരിധി വച്ചിരുന്നു. ആ നൂറ് കഴിഞ്ഞപ്പോള്‍ ചക്രായുധം പ്രയോഗിച്ച് ഹനിച്ചു.” വി.പി. സിങ് സര്‍ക്കാര്‍, പാര്‍ട്ടി, സിങ് എന്ന വ്യക്തി ബിജെപിക്കും നേതാക്കള്‍ക്കും സഹപ്രസ്ഥാനങ്ങള്‍ക്കും എതിരെ നടത്തിയ ‘ആക്രമണങ്ങളുടെ പരിധിയായിരുന്നു അയോദ്ധ്യാ ക്ഷേത്ര നിര്‍മാണക്കാര്യത്തിലെ വഞ്ചനകള്‍. അതോടെ ചക്രായുധം’പ്രയോഗിച്ചു. എന്നാല്‍ രസകരമെന്നു പറയാം. അത് ജനതാദളിന്റെ ”ചക്രം”എന്ന തെരഞ്ഞെടുപ്പു ചിഹ്നത്തിന്റെ അമ്പേ തകര്‍ച്ചയായിരുന്നു. 1991 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവന്ന ‘ഇന്ത്യാ ടുഡേ’ മാസികയുടെ കവര്‍ പേജിലെ ചിത്രം പൊട്ടിപ്പൊളിഞ്ഞ ജനതാദള്‍ ചക്രത്തിന്റേതായിരുന്നുവെന്ന് അത് ശ്രദ്ധിച്ചവരുടെ ഓര്‍മ്മയിലുണ്ടാവും.
വിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്വാനി സംസാരിച്ച്, പ്രസംഗം ഉപസംഹരിച്ചത്, ‘അതിനാല്‍ ഈ സര്‍ക്കാരിന് ഞങ്ങള്‍ നല്‍കിയ പിന്തുണ പിന്‍വലിക്കുന്നു’ എന്നായിരുന്നു. അന്ന് ലോക്‌സഭയിലെ പ്രസ് ഗ്യാലറിയില്‍, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (ബിബിസി) ഏഷ്യാ മേഖലാ റിപ്പോര്‍ട്ടിങ് ചീഫ് ആയിരുന്ന മാര്‍ക് ടൂളി ഉണ്ടായിരുന്നു. സഭയും മാധ്യമ ഗാലറിയും ആ നിര്‍ണായക മുഹൂര്‍ത്തത്തില്‍ പ്രകമ്പിതരായിരിക്കേ മാര്‍ക് ടൂളി എന്ന, ഭാരത രാഷ്‌ട്രീയ- സാമൂഹ്യരംഗത്തെ ഏറെക്കാലം നിരീക്ഷിച്ച് പഠിച്ച മാധ്യമപ്രവര്‍ത്തകന്‍ നിഷ്പക്ഷമായി വിലയിരുത്തി ഒറ്റവാക്യത്തില്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘ഹിയര്‍ ബിഗിന്‍സ് ദ ജേണി ഓഫ് ബിജെപി വിക്ടറി.'(ബിജെപി
യുടെ വിജയയാത്ര ഇവടെ തുടങ്ങുന്നു,’ എന്ന്. അത് കൃത്യമായിരുന്നു. തുടര്‍ന്ന് നടന്ന 1991 ലെ തെരഞ്ഞെടുപ്പില്‍ 121 സീറ്റ്. അതോടൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് എന്ന രാഷ്‌ട്രീയ പ്രധാന സംസ്ഥാനത്ത് അധികാരം പിടിച്ചു. 415 നിയമസഭാ സീറ്റുകളില്‍ 221 സീറ്റു നേടി, കല്യാണ്‍ സിങ് ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി. അയോദ്ധ്യാ വിഷയത്തില്‍ ബിജെപിയുടെ രാഷ്‌ട്രീയ നിലപാട് മറ്റു പാര്‍ട്ടികളുടെ നിലപാടിനേക്കാള്‍ ശരിയെന്ന് ജനം വിധിയെഴുതി; മാര്‍ക് ടൂളിയുടെ നിരീക്ഷണം കിറുകൃത്യമായിരുന്നു.
കോണ്‍ഗ്രസിന് ഒറ്റയ്‌ക്ക് ഭരണ ഭൂരിപക്ഷമില്ലായിരുന്നെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അതിനാല്‍ത്തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ ഒരുക്കമായി. രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയാ ഗാന്ധിയെ അല്ലാതെ ആ സ്ഥാനത്തേക്ക് മറ്റൊരാളെ ചിന്തിക്കാന്‍ ഒരു നേതാവിനും കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസില്‍ അങ്ങനെയാണല്ലോ- ഒരു കുടുംബത്തില്‍ നിന്നല്ലേ പ്രധാനമന്ത്രിമാരുണ്ടാകാവൂ. അന്ന് രാഹുല്‍ ഗാന്ധിക്ക് 20 വയസും പ്രിയങ്കയ്‌ക്ക് 19 വയസുമേ ആയിരുന്നുള്ളൂ. നെഹ്‌റു കുടുംബബന്ധം പറഞ്ഞൊപ്പിക്കാന്‍ ശ്രമിച്ചാലും വരുണ്‍ ഗാന്ധിക്ക് 11 വയസായിരുന്നു. അങ്ങനെ സോണിയാ ഗാന്ധിയില്‍ ”ആരൂഢം” കണ്ടു സിഡബ്ല്യുസി. എന്നാല്‍ സോണിയ വിസമ്മതിച്ചു. പ്രധാനമന്ത്രിയാകാനുള്ള രാഷ്‌ട്രീയ പരിചയക്കുറവുണ്ടായതുകൊണ്ടോ, ഭാരത പൗരത്വം ഇല്ലാഞ്ഞതുകൊണ്ടോ, എല്‍ടിടിഇ പേടികൊണ്ടോ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ അന്ന് ചര്‍ച്ചയായിരുന്നെങ്കിലും കോണ്‍ഗ്രസിന് ഭരണ ഭൂരിപക്ഷമില്ലാഞ്ഞതുകൊണ്ടുമാത്രമല്ല എന്നത് ഉറപ്പ്. സോണിയ പിന്മാറിയതോടെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായ പി.വി. നരസിംഹറാവുവിന്റെ പേര് ആ സ്ഥാനത്തേക്ക് വന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനാണ് റാവുവിനെ നിര്‍ദേശിച്ചതെന്നെല്ലാം അന്ന് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. കെ. കരുണാകരനും അത് പലവട്ടം ശരിവച്ചു. (പില്‍ക്കാലത്ത് ഇപ്പോള്‍ മകന്‍ കെ. മുരളീധരന്‍ മത്സരിക്കുന്ന തൃശ്ശൂരില്‍ അച്ഛന്‍ കെ. കരുണാകരന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതും പില്‍ക്കാലത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടിവന്നതും റാവുവിന്റെ പ്രതികാരമായിരുന്നുവെന്നതും ചരിത്രം) എന്തായാലും റാവുവിന് അതൊരു വഴിത്തിരിവായിരുന്നു. രാഷ്‌ട്രീയം അവസാനിപ്പിച്ച് ജന്മദേശമായ ആന്ധ്രയ്‌ക്ക് വണ്ടികയറാന്‍ തയാറായിരിക്കെയായിരുന്നു അപ്രതീക്ഷിതമായ ആ സ്ഥാനലബ്ധി. പിന്നീട് അത് ചരിത്രമായി; പലതരത്തില്‍. ഒന്ന്: രാജ്യത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ നെഹ്‌റു കുടുംബത്തിനു പുറത്തൊരാള്‍ പ്രധാനമന്ത്രിയായി. രണ്ട്: ഭൂരിപക്ഷമില്ലാത്ത ഒരു സര്‍ക്കാരിനെ നയിച്ചു. മൂന്ന്: ആഗോള സാമ്പത്തിക പരിഷ്‌കരണ- പരിണാമകാലത്ത് ഭാരതത്തെ നയിച്ചു. വിശ്രമിക്കാന്‍ നിശ്ചയിച്ചിരിക്കെ വീണ്ടും സക്രിയ ഔദ്യോഗിക ജീവിതത്തിലേക്ക് തിരിച്ചുവന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി മാറിയ ടി.എന്‍.ശേഷനും റാവുവിനും സമാനതകള്‍ ഏറെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: