വിശാഖപട്ടണം: ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം മറികടക്കാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ് വീണു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 106 റണ്‍സിന്റെ കനത്ത പരാജയമാണ് റിഷഭ് പന്തും സംഘവും ഏറ്റുവാങ്ങിയത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത് 272 റണ്‍സ്. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ഭാരതത്തിന്റെ പരിചയ സമ്പന്നനായ ബൗളര്‍ ഇഷാന്ത് ശര്‍മ ആദ്യ കൊല്‍ക്കത്തയ്ക്കായി 20-ാം ഓവര്‍ എറിഞ്ഞുകൊടുക്കാനെത്തുമ്പോള് സ്കോര്‍ അഞ്ചിന് 264. എല്ലാവരും അന്നേരും ഉറ്റുനോക്കിയത് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ് സ്ഥാപിച്ച ലീഗ് റിക്കാര്‍ഡ് സ്കോറായ 277 റണ്‍സ് കൊല്‍ക്കത്ത മറികടക്കുമോയെന്നാണ്.
റിക്കാര്‍ഡ് കുതിപ്പില്‍ നിന്നും കൊല്‍ക്കത്തയെ തടഞ്ഞത് ഇഷാന്ത് ശര്‍മയുടെ ബൗളിങ് ആണ്. ആദ്യ പന്തില്‍ മികച്ചൊരു യോര്‍ക്കറിലൂടെ വമ്പന്‍ ഹിറ്റര്‍ ആന്ദ്രേ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കി. 19 പന്തുകള്‍ നേരിട്ട് 41 റണ്‍സെടുത്താണ് റസല്‍ മടങ്ങിയത്. താരം ക്രീസിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും റിക്കാര്‍ഡ് ഭേദിക്കുമായിരുന്നു. അതേ ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് വീണ്ടും വിക്കറ്റ് നേടി. പിന്നീട് വെങ്കടേഷ് അയ്യര്‍ ഒരു ഫോര്‍ അടിച്ചെങ്കിലും വലിയ റിക്കാര്‍ഡ് ഭേദിക്കാതെ കൊല്‍ക്കത്തയുടെ ഹൈപ്പവര്‍ ഇന്നിങ്സ് അവസാനിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത തുടക്കത്തിലേ ഓപ്പണര്‍ സുനില്‍ നരൈനിലൂടെയാണ് വമ്പന്‍ സ്കോറിലേക്ക് കുതിച്ചത്. 39 പന്തുകള്‍ നേരിട്ട താരം ഏഴ് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സെടുത്താണ് മടങ്ങിയത്. സാള്‍ട്ട്(18) നേരത്തെ മടങ്ങിയെങ്കിലും മൂന്നാനായെത്തിയ ആംഗക്രിസ് രഘുവംശി(54) നരൈന് ഉത്തമ കൂട്ടാളിയായി. താരം പുറത്തായശേഷമാണ് റസല്‍ ക്രീസിലെത്തിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സെടുത്തു. നായകന് ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്ത് മടങ്ങി.
ദല്‍ഹിക്കായി നോര്‍ട്ട്ജെ മൂന്ന് വിക്കറ്റും ഇഷാന്ത് രണ്ട് വിക്കറ്റും നേടി.
മികച്ച രീതിയില്‍ പവര്‍പ്ലേയില്‍ ബൗള്‍ ചെയ്ത കൊല്‍ക്കത്ത പവര്‍ പ്ലേക്ക് അകത്ത് തന്നെ നാലു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ മാര്‍ഷലും അഭിഷേക് പോരലും ഡക്കില്‍ ആണ് പുറത്തായത്. വാര്‍ണര്‍ 18 റണ്‍സും പൃഥ്വി ഷാ 10 റണ്‍സും എടുത്തു.
അഞ്ചാം വിക്കറ്റില്‍ പന്തും സ്റ്റബ്സും ചേര്‍ന്ന് ഡെല്‍ഹിക്ക് ആയി പൊരുതി. പന്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി. വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 12ആം ഓവറില്‍ പന്ത് 28 റണ്‍സ് ആണ് അടിച്ചത്. 24 പന്തില്‍ നിന്ന് 55 റണ്‍സ് പന്ത് അടിച്ചു. 5 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
സ്റ്റബ്സ് 32 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്താണ് പുറത്തായത്. 4 ഫോറും 4 സിക്സും സ്റ്റബ്സ് അടിച്ചു. ഇവര്‍ രണ്ട് പേരും പുറത്തായതോടെ ഡെല്‍ഹിയുടെ പോരാട്ടവും അവസാനിച്ചു. കെ കെ ആറിനായി വരുണ്‍ ചക്രവര്‍ത്തിയും വൈബവ് അറോറയും 3 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റാര്‍ക് 2 വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: