കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ വിവാദ സംഭവത്തില്‍ സൂപ്പര്‍ ട്വിസ്റ്റ്. സംഭവത്തില്‍ ആദ്യം മുതല്‍ മര്യാദരാമന് ചമഞ്ഞ മുന്‍ റേഞ്ച് ഓഫീസര്‍ ബി ആര് ജയനെ വനം വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കഞ്ചാവ് വളര്ത്തിയതുസംബന്ധിച്ച് വിവരം കിട്ടിയിട്ടും നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചില്ലെന്നും റെസ്ക്യൂ വാച്ചറുടെ മൊഴിയുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വകുപ്പിനെ നാണംകെടുത്തിയെന്നുമുള്ള കണ്ടെത്തലിലാണ് സസ്പെന്ഷന്. നിലവില്‍ നിലമ്പൂര്‍ റേഞ്ച് ഓഫീസറായിരുന്ന ജയന്. അപമര്യാദയായി പെരുമാറുന്നു എന്ന വനിതാ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് ഇയാളെ നിലമ്പൂരിലേക്ക് നേരത്തെ സ്ഥലം മാറ്റിയത്. ഇതിനിടയിലാണ് പ്ലാച്ചേരി പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് ചെടി കണ്ടെത്തിയതായി വാര്‍ത്ത പരന്നത്. സ്റ്റേഷനിലെ റെസ്ക്യൂ വാച്ചറാണ് സ്റ്റേഷന്റെ പിന്‍ഭാഗത്ത് പഴയ കെട്ടിടത്തില്‍ കഞ്ചാവ് കണ്ടെത്തിയതെന്ന് പറയുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ നശിപ്പിക്കുകയും ചെയ്തു. അന്ന് എരുമേലി റേഞ്ച് ഓഫീസറായിരുന്ന ജയനെ തെളിവുകള്‍ സഹിതം ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും ഉചിതമായ നടപടി ഉണ്ടായില്ല. അതിനുപകരം വാച്ചറുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യങ്ങള്‍ വഴിപ്രചരിപ്പിച്ച് വനംവകുപ്പിന് അവമതിപ്പുണ്ടാക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ സസ്പെന്ഷന് കാരണമായിരിക്കുന്നത്. വനിതാ ജീവനക്കാര്‍ തനിക്കെതിരെ നല്കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് വരുത്താനും ജയന് ഈ അവസരം ഉപയോഗിച്ചുവന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: