ന്യൂദൽഹി: ബോക്‌സിംഗ് താരവും കോൺഗ്രസ് പ്രവർത്തകനുമായ വിജേന്ദർ സിങ് ബിജെപിയിലേക്ക്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. 2019ൽ സൗത്ത് ദൽഹി മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദർ സിങ് മത്സരിച്ചിരുന്നു. മഥുരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനിരിക്കെയാണ് വിജേന്ദർ കോൺഗ്രസ് വിടുന്നത്.
നിലവിൽ മഥുരയിൽ ഹേമാ മാലിനിയാണ് എംപി. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ജാട്ട് സമുദായംഗമാണ് വിജേന്ദർ സിംഗ്. രാഹുൽ ഗാന്ധിയുമായും പ്രിയങ്കയുമായും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു വിജേന്ദർ സിങ്. ഇത്തവണ അദ്ദേഹം ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മഥുര സീറ്റാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്.
2008 ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ വിജേന്ദർ 2009 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മെഡലുകളും നേടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കുചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: