ന്യൂദൽഹി: പ്രതിപക്ഷ നേതാക്കൾ ബിജെപിയിലേക്ക് വരുന്നത് അവരുടെ പാർട്ടികളുടെ നേതൃത്വം ഓന്ത് പോലെ നിറം മാറിക്കൊണ്ടിരിക്കുന്നതുകൊണ്ടാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കാതലായ പ്രത്യയശാസ്ത്രത്തോട് യാതൊരു പരിഗണനയും അവർക്കില്ലെന്നും മൗര്യ പറഞ്ഞു.
ബിജെപി തങ്ങളുടെ പ്രത്യയശാസ്ത്രത്തോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും പാർട്ടിയിൽ ചേരുന്നവർക്ക് ഇത് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പുതിയതായി എത്തുന്നവർ ഞങ്ങളുടെ പ്രത്യയശാസ്ത്രം കർശനമായി പാലിക്കേണ്ടതുണ്ടെന്നും മൗര്യ പറഞ്ഞു.
തങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്താനും വേട്ടയാടാനും നരേന്ദ്ര മോദി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അഴിമതി ആരോപണങ്ങൾ നേരിടുന്നവർ ബിജെപിയുടെ വാഷിംഗ് മെഷീനിൽ നിന്ന് ശുദ്ധിയായി പുറത്തുവരുന്നുവെന്നുമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ സത്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് പറഞ്ഞ ബിജെപി നേതാവ് ആ ആക്ഷേപങ്ങളെ തള്ളിക്കളഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ ആസന്നമായ പരാജയത്തെ പ്രതിരോധിക്കാനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ “ഘമാണ്ഡിയ ഗത്ബന്ധൻ” രൂപീകരിച്ച പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മൗര്യ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, രാഷ്‌ട്രീയ ജനതാദൾ എന്നിവയുൾപ്പെടെ ചില പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ഇൻഡി ബ്ലോക്കിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ചർച്ചകളിൽ യാതൊരു സത്യവുമില്ല. മോദി സർക്കാരിന് കീഴിൽ അന്വേഷണ ഏജൻസികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. സർക്കാരിനെതിരെ ഉന്നയിക്കാൻ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മൗര്യ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: