അഹമ്മദാബാദ്: ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകെടുകാര്യസ്ഥതയ്‌ക്കെതിരെ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ സംസാരിക്കവെയാണ് അദ്ദേഹം നെഹ്റുവിയൻ ഭരണ കെടുകാര്യസ്ഥത അദ്ദേഹം വെളിപ്പെടുത്തിയത്.
യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്‌ദാനം ചെയ്‌തപ്പോൾ ഇന്ത്യയുടെ നിലപാടിനെ പരാമർശിച്ച്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു ‘ഇന്ത്യ രണ്ടാമത്, ചൈന ആദ്യം’ എന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാക് അധീന കശ്മീർ, കൂടാതെ ഇന്ത്യയുടെ ചില ഭാഗങ്ങൾ ചൈന അധിനിവേശം നടത്തിയത് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണം മുൻകാല തെറ്റുകളാണെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
ചൈന കൈവശപ്പെടുത്തിയ പിഒകെയുടെയും ഇന്ത്യൻ പ്രദേശങ്ങളുടെയും പദവിയുമായി ഇന്ത്യ അനുരഞ്ജനം നടത്തണമോ അതോ അവ തിരിച്ചുപിടിക്കാൻ പ്രവർത്തിക്കണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയശങ്കർ.
ഇതിനു പുറമെ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി നേതാക്കൾ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കീഴിലുള്ള മുൻ കോൺഗ്രസ് സർക്കാരുകളെ നിശിതമായി വിമർശിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1950-ൽ അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ ചൈനയെക്കുറിച്ച് നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രണ്ട് മുന്നണികളായ പാകിസ്ഥാനേയും ചൈനയേയും ഇന്ന് ആദ്യമായി നാം അഭിമുഖീകരിക്കുന്ന അവസ്ഥയാണെന്ന് പട്ടേൽ നെഹ്‌റുവിനോട് പറഞ്ഞിരുന്നു. ചൈനക്കാരുടെ ഉദ്ദേശം വ്യത്യസ്‌തമായി തോന്നുന്നതിനാൽ അവർ പറയുന്നത് വിശ്വസിക്കുന്നില്ലെന്നും മുൻകരുതലുകൾ എടുക്കണമെന്നും പറഞ്ഞു. എന്നാൽ നിങ്ങൾ ചൈനക്കാരെ അനാവശ്യമായി സംശയിക്കുന്നുവെന്ന് നെഹ്‌റു പട്ടേലിനോട് മറുപടി പറഞ്ഞു.
ഹിമാലയത്തിൽ നിന്ന് ആർക്കും തങ്ങളെ ആക്രമിക്കാൻ കഴിയില്ലെന്ന് നെഹ്‌റു പറഞ്ഞു. നെഹ്‌റു ഭീഷണികളെയും പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും ജയശങ്കർ പറഞ്ഞു.
അതുമാത്രമല്ല യുഎന്നിന്റെ സെക്യൂരിറ്റി കൗൺസിലിന്റെ സ്ഥിരാംഗത്വത്തെക്കുറിച്ചുള്ള ചർച്ച വന്ന സമയം അത് തങ്ങൾക്ക് വാഗ്ദാനം ചെയ്തപ്പോൾ, നെഹ്‌റുവിന്റെ നിലപാട് ആ സീറ്റ് ആദ്യം അത് ചൈനയ്‌ക്ക് ലഭിക്കണം എന്നായിരുന്നു. ഇന്ത്യ രണ്ടാമത്, ചൈന ആദ്യം എന്ന് നെഹ്‌റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ ആദ്യ നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജിയുടെ മാനസികാവസ്ഥ അറിയാവുന്നതിനാൽ കശ്മീർ വിഷയം യുഎന്നിലേക്ക് കൊണ്ടുപോകുന്നതിനെ പട്ടേൽ അനുകൂലിച്ചില്ലെന്നും ജയശങ്കർ പറഞ്ഞു.
കൂടാതെ ഇന്ന് നമ്മൾ നമ്മുടെ അതിരുകളെ കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ അതിരുകൾ തിരുത്തിയെഴുതൂ എന്ന് ചിലർ പറയുന്നു. നമ്മുടെ അതിരുകൾ ഇപ്പോഴും നമ്മുടെ അതിരുകളാണ്, ഞങ്ങൾ ഒരിക്കലും അതിൽ സംശയിക്കേണ്ടതില്ല,” – വിദേശകാര്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, മുൻകാലങ്ങളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച നിരവധി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിച്ചു. അവയിൽ ചിലതിന് പരിഹാരം കാണുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും ചില പ്രശ്‌നങ്ങൾക്ക് കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കശ്മീരിന്റെ കാര്യത്തിൽ തങ്ങൾക്ക് ഒരു പാർലമെൻ്റ് പ്രമേയമുണ്ട്. എല്ലാവരും അതിനെ മാനിക്കണമെന്നും ജയശങ്കർ പറഞ്ഞു.
നേരത്തെ, ‘അന്താരാഷ്‌ട്ര നയം, വികസിത് ഭാരതിന്റെ കാറ്റലിസ്റ്റ്’ എന്ന വിഷയത്തിൽ ജിസിസിഐയിൽ പ്രഭാഷണം നടത്തിയ ജയശങ്കർ ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തിന് അഞ്ച് ഘടകങ്ങൾ നിർണായകമാണെന്ന് പറഞ്ഞു: ഉത്പാദനം, ഉപഭോഗം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ്, ജനസംഖ്യാശാസ്ത്രം എന്നിവയാണ് അദ്ദേഹം നിഷ്കർഷിച്ച അഞ്ച് പ്രധാന ഘടകങ്ങൾ.
ആഭ്യന്തര വ്യവസായങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിലും നിർണായകമായ സാങ്കേതികവിദ്യ നേടുന്നതിലും ലോജിസ്റ്റിക്‌സ് സൃഷ്ടിക്കുന്നതിലും ബിസിനസ്സിനായുള്ള കണക്റ്റിവിറ്റിയിലും വിദേശനയത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ 40 വർഷത്തിന് ശേഷം ഇന്ത്യക്ക് ഒരു ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ നൽകാൻ അമേരിക്ക സമ്മതിച്ചു. അർദ്ധചാലക ചിപ്പുകൾ നിർമ്മിക്കുന്ന മൂന്ന് കമ്പനികൾ ഇന്ത്യയിൽ പ്ലാൻ്റുകൾ സ്ഥാപിക്കാൻ സമ്മതിച്ചുവെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന യുഎസ് സന്ദർശനത്തിലെ ചില വിജയങ്ങളെന്നും ജയശങ്കർ വ്യക്തമാക്കി.
പുതിയ ബിസിനസ്സ് ഇടനാഴികൾ സൃഷ്ടിക്കാൻ ഇന്ത്യ സൗഹൃദ രാജ്യങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്നും നിർദിഷ്ട ഇന്ത്യ, യുഎഇ, സൗദി അറേബ്യ മുതൽ യൂറോപ്പ് വരെയുള്ള ഇടനാഴി അതിലൊന്നാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ മുൻഗണന കയറ്റുമതിയായിരുന്നു, കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ വ്യവസായികൾക്ക് വിദേശ രാജ്യങ്ങളിലെ രാജ്യത്തിന്റെ എംബസികളിൽ നിന്ന് സഹായം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രവാസി സമൂഹമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: