കൊച്ചി: ഏലം കൃഷിക്കായി ഉപയോഗിച്ച ഭൂമി മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി തേടണമെന്ന് ഹൈക്കോടതി. ഇടുക്കി ജില്ലയിലെ ദേവികുളത്ത് ഏലം കൃഷി ചെയ്യുന്ന വസ്തുവില്‍ കെട്ടിടം നിര്‍മിക്കുന്നതിനു നല്കിയ അപേക്ഷ നിരസിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്.
ഏലം കൃഷി ചെയ്യുന്ന സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു ജില്ലാ കലക്ടറുടെ നിരാക്ഷേപ പത്രം നിര്‍ബന്ധമാണെന്നു കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്ന രീതിയിലേക്ക് കൈകാര്യം ചെയ്യണം. 1967 ലെ കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഉത്തരവു പ്രകാരം ഏലം കൃഷിക്ക് ഉപയോഗിക്കുന്ന ഭൂമി ഭക്ഷ്യവിളകള്ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നിയമപ്രകാരം ഏലം ഭക്ഷ്യ വിളയില്‍ ഉള്‍പ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി. ‘ഭക്ഷ്യവിള’ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഭൂമി കളക്ടറുടെ രേഖാമൂലമുള്ള അനുമതിയോടെയല്ലാതെ ഏതെങ്കിലും ഭക്ഷ്യവിളയുടെയോ മറ്റെന്തെങ്കിലും ആവശ്യത്തിനോ മാറ്റാനോ പരിവര്‍ത്തനം ചെയ്യാനോ ശ്രമിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം. കെട്ടിടം പണിയുന്നതിന് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യം പുനഃപരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: