ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങള്‍ക്ക് 30 പുതിയ പേരുകള്‍ നല്കി പട്ടിക പ്രസിദ്ധീകരിച്ച ചൈനയുടെ നടപടിക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ചൈനയുടെ നടപടിക്കെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചു. ഇന്ന് ഞാന്‍ നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാല്‍ അത് എന്റേതായി മാറുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും ഭാരതത്തിലെ സംസ്ഥാനമായിരിക്കും. പേരുകള്‍ മാറ്റുന്നതുകൊണ്ട് ഒരു ഫലവുമില്ല. ആവശ്യത്തിന് സൈന്യത്തെ അവിടെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള വിവേകശൂന്യമായ ശ്രമങ്ങള്‍ ചൈന തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. അത്തരം ശ്രമങ്ങളെ ശക്തമായി നിരാകരിക്കുന്നു. കണ്ടുപിടിച്ച പുതിയ പേരുകള്‍ നല്കിയാലൊന്നും അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന യാഥാര്‍ത്ഥ്യത്തെ മാറ്റാനാവില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ 30 പുതിയ പേരുകളുള്ള നാലാമത്തെ പട്ടിക ചൈന പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും കഴിഞ്ഞദിവസം ചൈനയുടെ നടപടിക്കെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. ചൈന അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. പക്ഷേ അത് അടിസ്ഥാന യാഥാര്‍ത്ഥ്യത്തെയും ചരിത്ര വസ്തുതകളെയും മാറ്റാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണ്, അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും നിര്‍വചനങ്ങളും അനുസരിച്ച് പരമോന്നത ദേശസ്നേഹികളായ ഭാരതീയരാണെന്നും റിജിജു എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: