കോട്ടയം: സംസ്ഥാനത്ത് ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം. പരിസ്ഥിതി അനുമതി വൈകുന്നതു മൂലം ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ നിലവിലുള്ള 300 ലേറെ ക്വാറികളുടെ പരിസ്ഥിതി അനുമതി ഒക്ടോബര്‍ വരെ കേന്ദ്ര പരസ്ഥിതി മന്ത്രാലയം നീട്ടി. ജില്ലാതല അതോറിറ്റികള്‍ പിരിച്ചുവിട്ടതോടെ 2021 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന ക്വാറി ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണിത്. സംസ്ഥാനത്ത് ജില്ലാ പരിസ്ഥിതി അതോറിറ്റികളുടെ അനുമതി നേടി പ്രവര്‍ത്തിച്ചു പോന്നവയാണ് 300 ലേറെ ക്വാറികള്‍. മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ താല്‍ക്കാലികമായി ഏപ്രില്‍ 28 വരെ സമയം അനുവദിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ വീണ്ടും ആറുമാസം കൂടി കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്തത്.
എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന് 2012 സുപ്രീം കോടതി വിധിച്ചിരുന്നു. ഇതോടെ അപേക്ഷകള്‍ കുന്നുകൂടി. തുടര്‍ന്ന് അനുമതി നല്‍കുന്നതിനായി ജില്ലാതല അതോറിറ്റികള്‍ രൂപീകരിച്ചു. എന്നാല്‍ ഈ നടപടി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഇതോടെ സംസ്ഥാന അതോറിറ്റിയില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ക്വാറികളുടെ പരിസ്ഥിതി അനുമതി നീട്ടിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: