ന്യൂദല്‍ഹി: കൂടുതല്‍ കടം എടുക്കാന്‍ വേണ്ടി സുപ്രീംകോടതിയില്‍ പോയ കേരളത്തിന് ഒടുവില്‍ കേന്ദ്രവാദം സുപ്രീംകോടതി അംഗീകരിച്ചതോടെ തിരിച്ചടിയായി. 2016 മുതല്‍ 2021വരെ കേരളം പരിധിയില്‍ കവിഞ്ഞ് അധികകടം എടുത്തിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
2016 മുതല്‍ 2021 വരെ എടുത്തിട്ടുള്ള അധികകടം പിന്നീടുള്ള വര്‍ഷങ്ങളിലെ കടത്തിന്റെ പരിധിയില്‍ കുറവുവരുത്താന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2021 മുതല്‍ കേരളത്തിന് നല്‍കാതെ കേന്ദ്രം വെട്ടിക്കുറച്ചത് 26,619 കോടി രൂപ കടത്തിന്റെ പരിധിയാണെന്നും സുപ്രീംകോടതി ഉത്തരവില്‍ വിശദീകരിക്കുന്നു.
2016 മുതല്‍ 2020 വരെ കേരളം 14,479 കോടിയുടെ അധികകടം എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് കിഫ്ബി വഴി മാത്രം എടുത്ത കടമാണ്. ഇതിന് പുറമെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും കേരളം കടമെടുത്തിരുന്നു. 2016 മുതലുള്ള നാല് വര്‍ഷങ്ങളില്‍ കേരളം പരിധിയില്‍ കൂടുതല്‍ കടം എടുത്തിരുന്നു എന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ 14ാം ധനകാര്യകമ്മീഷന്റെ കാലത്ത് എടുത്ത കടം 15ാം ധനകാര്യകമ്മീഷനില്‍ വെട്ടിക്കുറയ്‌ക്കാനാകില്ലെന്ന വിചിത്രവാദമാണ് കേരളം ഉയര്‍ത്തുന്നത്.
15ാം ധനകാര്യകമ്മീഷന്റെ തുടക്കം മുതലേ കേരളത്തിനുള്ള വിഹിതത്തില്‍ വെട്ടിക്കുറയ്‌ക്കല്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. 2021-22 കാലത്ത് 9197കേടിയും 2022-23 കാലത്ത് 13067 കോടിയും 2023-24 കാലത്ത് 4354 കോടിയും ആണ് കേരളത്തിന്റെ കടപരിധിയില്‍ വെട്ടിച്ചുരുക്കിയത്.
ഒന്നാം പിണറായി സര്‍ക്കാര്‍ കൂടുതല്‍ കടമെടുത്തതിനാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 26,619 കോടിയുടെ വെട്ടിച്ചുരുക്കല്‍ കേന്ദ്രം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക