ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഒത്തുകളിയാണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ബിജെപി. കഴിഞ്ഞ ദിവസം ഇന്‍ഡി മുന്നണിയുടെ റാലിക്കിടെയാണ് തെരഞ്ഞെടുപ്പ് ഒത്തുകളിയാണെന്നും ഇവിഎം മെഷീനില്‍ വിശ്വാസമില്ലെന്നും രാഹുല്‍ പ്രസംഗിച്ചത്. ഇതിനെതിരെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്കി.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തങ്ങളുടെ ആളുകളെ വിന്യസിച്ചിട്ടുണ്ടാകും. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതാണിത്. ഇലക്ട്രോണിക് വോട്ടിങ്ങില്‍ വിശ്വാസം ഇല്ല, എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. രാജ്യത്തെ തെരഞ്ഞെടുപ്പിനെതിരെ തെറ്റായ പരാമര്‍ശങ്ങളാണ് രാഹുല്‍ നടത്തിയത്. ചട്ട ലംഘനമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജാതീയ പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെയും ബിജെപി തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കി. ടിഎംസി നേതാവ് പീയുഷ് പാണ്ടയുടേതാണ് വിവാദ പ്രസ്താവന. പിന്നാക്ക ജാതിക്കാരുടെ മകനായ നരേന്ദ്ര മോദിക്ക് രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ എങ്ങനെ നടത്താനാകും എന്നാണ് പീയുഷ് പാണ്ട ചോദിച്ചത്.
പിന്നാക്ക സമുദായത്തെ മുഴുവന്‍ അപമാനിക്കുന്ന പ്രസ്താവനയാണ് പീയുഷ് പാണ്ട നടത്തിയത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. കേന്ദ്ര പിന്നാക്ക സമുദായ കമ്മിഷന് ചെയര്മാന് ഹന്‍സ് രാജിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ശിശിര്‍ ബജോരിയ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: