ബംഗളുരു: കത്തുന്ന പുരയില്‍ നിന്ന് അയല്‍ക്കാര്‍ കഴുക്കോല് ഊരി കൊണ്ടു പോകുന്നതരത്തിലുള്ള മര്യാദകേടു കാണിക്കരുതെന്ന് വ്യവസായ മന്ത്രി പി. രാജീവിനോട് കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍. ശുദ്ധജലക്ഷാമം രൂക്ഷമായ ബംഗളൂരുവിലെ ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ച മന്ത്രി രാജീവിന്റെ നടപടിയാണ് കര്‍ണാടകയെ ചൊടിപ്പിച്ചത്.
ബംഗളൂരുവില്‍ ജോലി ചെയ്യുന്നതില്‍ നല്ലപങ്കും മലയാളികളാണെന്ന് മറക്കരുതെന്നും പാട്ടീല്‍ മുന്നറിയിപ്പ് നല്കി. കേരളത്തിന് നിക്ഷേപം സമാഹരിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ട് . എന്നാല്‍ ബംഗളൂരുവിലെ ശുദ്ധജലക്ഷാമം മുതലെടുത്ത് അവിടത്തെ ഐ.ടി കമ്പനികളെ വശീകരിച്ച് കേരളത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കരുത്. ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. ഫെഡറല്‍ സംവിധാനത്തിന് ചേര്‍ന്നതുമല്ല.
ഒരു സംസ്ഥാനത്ത് നിന്ന് കമ്പനികളെ അടിച്ചു മാറ്റുകയല്ല കേരളം ചെയ്യേണ്ടത്. സ്വന്തമായി അധ്വാനിച്ച് വ്യവസായ വികസനത്തിന് നടപടി സ്വീകരിക്കണം. ഇത്തരം വേലത്തരങ്ങള്‍ കൊണ്ട് കേരളത്തിലെ വ്യവസായികാന്തരീക്ഷം മെച്ചപ്പെടുത്താമെന്ന് കരുതേണ്ടതും അദ്ദേഹം സൂചിപ്പിച്ചു. ബാംഗ്ലൂരിലെ ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് താന്‍ കത്തയച്ചിരുന്ന വിവരം മന്ത്രി രാജീവ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഒട്ടേറെ നദികള്‍ ഉണ്ടെന്നും ഇവിടെ ശുദ്ധജല ക്ഷാമം ഉണ്ടാകില്ലെന്നും ആണ് മന്ത്രി കത്തില്‍ പറഞ്ഞിരുന്നത്. ഇതാണ് കര്‍ണാടക വ്യവസായ മന്ത്രി എം.ബി പാര്ട്ടിലിനെ രോഷം കൊള്ളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: