മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് കേരളത്തില്‍ മതധ്രുവീകരണത്തിനും രാഷ്ട്രീയ ചേരിതിരിവിനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കത്തോലിക്കാ സഭയുടെ കോഴിക്കോട് അതിരൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിന്റെ അഭിപ്രായപ്രകടനങ്ങള്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര് ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയെ അനുസ്മരിച്ച ബിഷപ്പ് മോദിയെ ഇഷ്ടമാണെന്നും പറഞ്ഞു. താങ്കള്‍ ഞങ്ങളുടെയും പ്രധാനമന്ത്രിയാണെന്നും, താങ്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞപ്പോള്‍ മോദി അതിനെ ശരിവച്ചു. മോദി സര്‍ക്കാര്‍ പുരോഗമനപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും, രാജ്യത്തെ ചില ഗ്രാമങ്ങളില്‍ ഉണ്ടാവുന്ന ചില പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയോ പാര്‍ട്ടി അധ്യക്ഷനോ അറിഞ്ഞിട്ടായിരിക്കില്ലെന്നും അഭിപ്രായപ്പെട്ട ബിഷപ്പ് ചക്കാലയ്ക്കല്‍ ഇത്തരം കാര്യങ്ങള്‍ തടയണമെന്നും പറയുകയുണ്ടായി. ബിജെപി സംസ്ഥാന പ്രഭാരിയും എംപിയുമായ പ്രകാശ് ജാവ്ദേക്കറും സഹപ്രഭാരി നളിന്‍കുമാര്‍ കട്ടീലും, കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. രമേഷും ഈസ്റ്റര്‍ ആശംസകള്‍ നേരാന്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചപ്പോഴാണ് ഫാ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ നടത്തിയത്. ബിജെപി സര്‍ക്കാരിനോട് യോജിക്കാവുന്നതും വിയോജിക്കാവുന്നതുമായ വിഷയങ്ങളുണ്ടെന്നു പറഞ്ഞ ബിഷപ്പിന്റെ പ്രതികരണങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ദേശീയ രാഷ്ട്രീയം കൂടുതല്‍ മുന്നേറ്റത്തിന് ശ്രമിക്കുമ്പോള്‍ പ്രസക്തവുമാണ്.
ദേശീയ മുഖ്യധാരയില്‍ നിന്ന് മതന്യൂനപക്ഷങ്ങളെ അകറ്റിനിര്‍ത്താനും, അതുവഴി അവരെ ബിജെപിക്കെതിരാക്കാനും സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടക്കുന്ന കേരളത്തില്‍ ഇതിനെതിരായ നിലപാട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ എടുത്തിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത വീക്ഷണത്തില്‍നിന്ന് ക്രൈസ്തവ സമൂഹം മാറിച്ചിന്തിക്കാനിടയുണ്ടെന്നും, നല്ല സ്ഥാനാര്‍ത്ഥിയാണെങ്കില്‍ മനഃസാക്ഷി അനുസരിച്ച് മാറിച്ചിന്തിക്കുമെന്നുമാണ് ബിഷപ്പ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ കുപ്രചാരണങ്ങളിലൂടെ ക്രൈസ്തവ മതവിഭാഗങ്ങളെ ബിജെപിക്കെതിരാക്കാന്‍ നോക്കുന്നുണ്ടെങ്കിലും മുന്‍കാലത്തേതുപോലെ ഇനിയങ്ങോട്ട് അതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നു വ്യക്തമാണ്. മണിപ്പൂര്‍ വിഷയം കുത്തിപ്പൊക്കി വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തി തെരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. മണിപ്പൂരിലേത് മതത്തിന്റെ പ്രശ്നമല്ല, വംശീയ പ്രശ്നമാണെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ തന്നെ പറഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്. സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഇരുവിഭാഗങ്ങളിലും ഗോത്രവര്‍ഗക്കാരായ ഹിന്ദുക്കളും ക്രൈസ്തവരുമുണ്ട്. സംവരണം നല്‍കുന്നതിനെച്ചൊല്ലിയാണ് അവിടുത്തെ പ്രശ്നവും. മെയ്തേയി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സംവരണം നല്‍കാവുന്നതാണെന്ന വിധി മണിപ്പൂര്‍ ഹൈക്കോടതി തന്നെ അടുത്തിടെ പുനഃപരിശോധിക്കുകയും ഭേദഗതി വരുത്തുകയും ചെയ്തതാണ്. കലാപം അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികളെടുക്കുകയും ചെയ്തു. എന്നിട്ടും ചില ശക്തികള്‍ മറ്റൊരിടത്തും കാണാത്തവിധത്തില്‍ കേരളത്തില്‍ മണിപ്പൂര്‍ വിഷയം കുത്തിപ്പൊക്കുകയും പെരുപ്പിച്ചുകാട്ടുകയുമാണ്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് നടക്കുന്ന വിഷലിപ്തമായ പ്രചാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രസക്തമാണെന്ന് ബിഷപ്പ് ചക്കാലയ്ക്കല്‍ പറഞ്ഞിരിക്കുന്നത് വളരെ പ്രസക്തമാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ഒരാളുടെപോലും പൗരത്വം നഷ്ടമാകില്ലെന്നിരിക്കെ അതിന്റെ പേരില്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് മതപീഡനം മൂലം അഭയാര്‍ത്ഥികളായെത്തുന്ന ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്കുന്നതില് ഒരുതരത്തിലുള്ള വിവേചനവുമില്ല. എന്നുമാത്രമല്ല, ഇപ്രകാരം പൗരത്വം ലഭിക്കുന്നതില്‍ ക്രൈസ്തവരുമുണ്ട്. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് വരുത്തുകയാണ്. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിടുന്ന മതസ്വാതന്ത്ര്യനിഷേധവും മറ്റുതരത്തിലുള്ള പീഡനങ്ങളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പുള്ള ജമ്മുകശ്മീരിലെ ക്രൈസ്തവ വിശ്വാസികളും അനുഭവിച്ചിരുന്നു. കൊന്തപോലുള്ള മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ ആരാധനാലയങ്ങള്‍ നടത്താനോ ക്രൈസ്തവ വിശ്വാസികളെ ജിഹാദികള്‍ അനുവദിച്ചിരുന്നില്ല. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുകയും കന്യാസ്ത്രീകള്‍ അതിക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഇതിനെല്ലാം അറുതിവന്നത്. പള്ളികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്കി. ഇപ്പോഴിതാ ഈസ്റ്ററിന്റെ ഭാഗമായ വിശുദ്ധവാര പ്രദക്ഷിണവും കശ്മീരിന്റെ മണ്ണില്‍ നടന്നിരിക്കുന്നു. ഇതൊക്കെ ലൗജിഹാദിന്റെ സ്വന്തം നാടായ കേരളത്തിലെ ക്രൈസ്തവരുടെയും കണ്ണുതുറപ്പിക്കേണ്ടതല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: