കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ദേശീയ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്ഡിപിഐ ഒരിടത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. കേരളത്തിന് പുറത്ത് 18 മണ്ഡലത്തില്‍ എസ്ഡിപിഐ മത്സരിക്കുന്നുണ്ടെന്നും അഷ്റഫ് മൗലവി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവരും പങ്കെടുത്തു.
അതേസമയം എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ആലോചിച്ച് നിലപാട് വ്യക്തമാക്കാമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്. എല്ലാവരുടെയും വോട്ടിന് ഒരേ വിലയാണ്. എസ്ഡിപിഐ വര്‍ഗീയ പാര്ട്ടിയാണോയെന്നതില് യുഡിഎഫിന് പ്രത്യേക നിലപാടില്ല. തെരഞ്ഞെടുപ്പ് കമ്മിഷനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ഹസന് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വഭേദഗതി നിയമമാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാന പ്രചാരണ വിഷയമാക്കുന്നത്. മുസ്ലിങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രി കണ്ണീരൊഴുക്കുന്നത് വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: