പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം അതീവ ഗുരുതരമെന്നും വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യം വര്‍ധിക്കുന്നതിന്റെ കാരണം മനസിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആവുന്നില്ല. വനത്തില്‍ മൃഗങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കാനുള്ള കേന്ദ്രപദ്ധതി കേരളം നടപ്പാക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്നം. ഇതിന് ലിഡാര്‍ സര്‍വേയിലൂടെ വിശദ പഠനം നടത്തി വനത്തിലെ ആവാസവ്യവസ്ഥ മനസിലാക്കേണ്ടതുണ്ട്.
കാട്ടാന ആക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. മൂന്നു മരണങ്ങള് മൂന്നു മാസത്തിനിടെ ആയിരുന്നു. മനുഷ്യജീവന് നഷ്ടമാകുന്നത് നഷ്ടപരിഹാരം കൊണ്ട് നികത്താനാവില്ല.
ബിജെപിക്ക് എംപിയോ എംഎല്‍എയോ ഇല്ലാത്ത കേരളത്തില്‍ നിരവധി വികസന പദ്ധതികളാണ് കേന്ദ്രം നടപ്പാക്കിയത്. 2019-ലെ സ്ഥിതിയല്ല ഇപ്പോള്‍ കേരളത്തില്‍. കൊച്ചി മെട്രോ, വന്ദേഭാരത് എക്സ്പ്രസ്, മാഹി, കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തിന്റെ നേര്‍ക്കാഴ്ചകളാണ്. 40 മാസമായി മോദി സര്‍ക്കാര്‍ സൗജന്യ അരി നല്‍കുന്നുണ്ട്. ദേശ-വര്‍ഗ-വര്‍ണ-രാഷ്ട്രീയ ഭേദമില്ലാതെയാണ് മോദി ജനങ്ങളെ സേവിക്കുന്നത്. ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ കെ. സുരേന്ദ്രനും ആയിരക്കണക്കിന് ഭക്തര്‍ക്കും എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത പിണറായിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന അക്രമങ്ങളില്‍ കേസുകള്‍ പിന്‍വലിച്ചതെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്, ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: