നാളെ ലോക ഓട്ടിസ ബോധവത്കരണ ദിനം.ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. വളർച്ചയിൽ ഉണ്ടാകുന്ന വൈകല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയാണ് ഓട്ടിസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത് സംബന്ധിച്ച ബോധവത്കരണമാണ് ഏപ്രിൽ രണ്ടിന് നൽകുന്നത്. ഓട്ടിസം ബാധിതർ സാധാരണയായി പഠനത്തിലും, സാമൂഹിക ഇടപെടലുകളിലും, ആശയ വിനിമയം നടത്തുന്നതിലും, ഭാഷ വികസിപ്പിക്കുന്നതിലും പ്രശ്നം നേരിടുന്നവരാണ്. ഇത്തരം വെല്ലുവിളികൾ തരണം ചെയ്ത് മുന്നേറുന്നതിനും അടിസ്ഥാന ജീവിത രീതികൾ പഠിക്കുന്നതിനും തെറാപ്പി ഉൾപ്പെടെ ആവശ്യമായി വന്നേക്കാം. ഇതിൽ ആവശ്യമായ ബോധവത്കരണമാണ് സാധാരണയായി ഈ ദിനം നടത്തി വരുന്നത്.
എന്നാൽ ചിലർക്ക് ഓട്ടിസം മൂലം ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായേക്കാം.എന്നാൽ മറ്റ് ചിലർക്ക് താരതമ്യേന സാധാരണ ജീവിതം നയിക്കാൻ സാധിക്കും. ഓട്ടിസമെന്നത് വൈജ്ഞാനിക കഴിവുകളെ പ്രതികൂലമായി ബാധിക്കാതിരിക്കുകയോ ബാധിക്കുകയോ ചെയ്യാവുന്ന ഒന്നാണ്. ഓട്ടിസം ബാധിതരായ കുട്ടികളിൽ ചിലർക്ക് അസാധാരണ ബുദ്ധി കാണപ്പെടാറുണ്ട്. എന്നാൽ മറ്റു ചിലരിൽ ബുദ്ധി വികാസവുമായി ബന്ധപ്പെട്ട് വൈകല്യങ്ങൾ നേരിട്ടേക്കാം.
ജേണൽ ഓഫ് ഓട്ടിസം ആൻഡ് ഡെവലപ്മെന്റൽ ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഓട്ടിസം ബാധിതരിൽ ഏകദേശം 40 ശതമാനത്തിൽ അധികം ആളുകളും ബൗദ്ധിക വൈകല്യം നേരിടുന്നവരാണെന്ന് പറയുന്നു. എന്നാൽ ബാക്കിയുള്ളവർക്ക് ശരാശരി അല്ലെങ്കിൽ അതിന് മുകളിൽ ബുദ്ധിവികാസമുണ്ടാകും. എന്നാൽ കുട്ടികളിൽ ചിലർ മൈൽഡ് ഓട്ടിസം അനുഭവിക്കുന്നവരും ഉണ്ട്. സംസാരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, വെളിച്ചം, ശബ്ദം, വേദന എന്നീ കാര്യങ്ങളിൽ സംവേദനക്ഷമതയുള്ളവരാകും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കാത്തതിനാൽ തന്നെ രോഗനിർണയത്തിന് വർഷങ്ങൾ എടുത്തേക്കാം.
കൂടാതെ പൂർണമായും ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ആശയവിനിമയം നടത്താൻ സാധിക്കില്ല. ഇതിനാൽ തന്നെ ഇത്തരം കുട്ടികളുടെ ആവശ്യം നിറവേറ്റുന്നതിന് മറ്റുള്ളവരെ പൂർണമായും ആശ്രയിക്കേണ്ടി വന്നേക്കാം. ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡറെന്നത് വികസന വൈകല്യങ്ങളെയാണ് വ്യക്തമാക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകളെ ബോധവത്കരിക്കുന്നതിനാണ് ഏപ്രിൽ രണ്ടിന് ഈ ദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: