കേരള സര്‍ക്കാര്‍ കാശില്ലാക്കഥ വിളമ്പാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശമ്പളം നല്കാന് കാശില്ല. പെന്ഷന് നല്കാന് പണമില്ല. വാര്‍ധക്യകാലപെന്‍ഷനും വിധവാ ആനുകൂല്യവും ക്ഷേമ പെന്‍ഷനും നല്കാന് പണമില്ല. എല്ലാത്തിനും പഴി കേന്ദ്ര സര്‍ക്കാറിനാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിനുപണം അനുവദിക്കാത്തതാണ് കേരളം പ്രതിസന്ധിയിലാകുന്നതിനു കാരണമെന്ന് പറയുമ്പോള്‍ കേന്ദ്രം മതിയായ മറുപടി നല്‍കുന്നുണ്ട്. കേരളത്തിനോട് കേന്ദ്രത്തിന് യാതൊരു പകയുമില്ല, വിദ്വേഷവുമില്ല. ആവശ്യത്തിനും അധികവും പണം നല്‍കുന്നുണ്ട് എന്ന് കേന്ദ്രധനമന്ത്രി ആവര്‍ത്തിക്കുന്നു. അതിനെയെല്ലാം അവഗണിക്കുകയോ മറിച്ചുപറയുകയോ ചെയ്യുന്നതല്ലാതെ കണക്കുനിരത്തി മറുപടി നല്കാന് കേരളം തയ്യാറാകുന്നില്ല. മറിച്ച് കേന്ദ്രം കൂടുതല്‍ കടംവാങ്ങാന്‍ അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിനെതിരെ കേസ് നടത്താനും നിയമോപദേശത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 10 കോടിയോളം രൂപയാണെന്നാണറിവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് 2021 മുതല്‍ ഇങ്ങോട്ട് 10 കോടിയോളം രൂപ ചെലവഴിച്ചതെന്ന് ഓര്‍ക്കണം. കടമെടുപ്പ് സംബന്ധിച്ച് കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ അഭിഭാഷകന് കബില്‍ സിബല്‍ ആവശ്യപ്പെട്ടിരിക്കുന്നത് 2.35 കോടിരൂപയാണ്. ഇതില്‍ 75 ലക്ഷം നലകിയിട്ടുണ്ട്. കൂടാതെ സുപ്രീംകോടതിയില്‍ മറ്റ് കേസുകള്‍ക്ക് ഹാജരായ വകയില്‍ 2021 മെയ് മുതല്‍ 1.11 കോടിയും ഫീസായി നല്‍കിയിട്ടുണ്ട്. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണ് കണക്കുകള്‍ പുറത്തുവന്നത്. പെരിയ, ഷുഹൈബ് കേസുകള്‍ക്ക് പുറമേയാണ് ഈ കണക്കുകള്‍. 2021 മേയ് മുതല്‍ നിയമോപദേശത്തിനായി 93.90 ലക്ഷം രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കായി 8.25 കോടി രൂപ ഫീസിനത്തില്‍ നല്കി. കേസുകളില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കേസുകളാണ്. ഒന്നോ രണ്ടോ കേസുകള്‍മാത്രമാണ് സര്‍വ്വീസ് സംബന്ധമായുള്ളത്. നിയമോപദേശത്തിന് ഫാലി എസ്.നരിമാന് മാത്രം30 ലക്ഷം നല്കി. കൂടാതെ ഇദ്ദേഹത്തിന്റെ ജൂനിയര്‍മാരായ സുബാഷ് ശര്‍മയ്ക്ക് 9.90 ലക്ഷവും സഫീര്‍ അഹമ്മദിന് നാലുലക്ഷവും ഫീസായി കൊടുത്തു. കൂടാതെ ഇവരുടെ ക്ലര്‍ക്ക് വിനോദ് കെ.ആനന്ദിന് 3 ലക്ഷവും നല്കി. കെ.കെ.വേണുഗോപാലിന്15 ലക്ഷം നിയമോപദേശത്തിന് മാത്രമായി കൊടുത്തു.
ഇത് കൂടാതെയാണ് മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്കു വേണ്ടി 96,34,261 രൂപയും കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വധിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ 1,14,83,132 രൂപയും നല്‍കിയത്. രണ്ട് കേസിനും കൂടി 2.11 കോടിയാണ് ഖജനാവില്‍ നിന്നും ചെലവഴിച്ചത്. അഭിഭാഷക ഫീസായി 86.40 ലക്ഷവും ഇവര്‍ക്കു വിമാന യാത്രയ്ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമായി 6,64,961 രൂപയും ചെലവഴിച്ചു. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വധിച്ച കേസിലും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയത് പുറത്തുനിന്നുള്ള അഭിഭാഷകരെ. പെരിയ കേസില്‍ അഭിഭാഷകര്‍ക്കായി മൊത്തം ചെലവാക്കിയത് 1,14,83,132 രൂപ.
ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപ ഫീസ് നല്കി. 2,33,132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും. സുപ്രീം കോടതിയില്‍ പെരിയ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദര്‍ സിങ്ങിനു നല്കി. ഷുഹൈബ്, പെരിയ കേസുകളില്‍ പ്രതികളായ സിപിഎമ്മുകാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു. ഒരു കൈയും കണക്കുമില്ലാതെ പ്രതികള്‍ക്കുവേണ്ടിയും കള്ള പ്രചാരണത്തിനും കോടികള്‍ തന്നെ ചെലവാക്കുകയാണ്. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി എന്ന ന്യായമാണ് സര്‍ക്കാര്‍ നിരത്തുന്നത്. കോടതി ചെലവിനൊഴുക്കുന്ന കോടികളുണ്ടെങ്കില്‍ കുറേപേര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്കാന് സര്‍ക്കാരിനാവുമായിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: