‘ജല്‍ ഹൈ തോ കല് ഹൈ’ എന്ന മന്ത്രവുമായി ജലലഭ്യതയുടെ മുഴുവന്‍ മാര്‍ഗങ്ങളും സംയോജിപ്പിച്ച് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തില്‍ മുന്നേറുകയാണ് ‘നരേന്ദ്ര ഭാരതം’. 2019 ആഗസ്ത് 15ന് ചുവപ്പ് കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജല്‍ ജീവന് മിഷന്’ പ്രഖ്യാപിച്ചത്. 2024-ഓടെ എല്ലാ വീടുകളിലും ശുദ്ധജലം പൈപ്പിലൂടെ എത്തിക്കുകയാണ് ലക്ഷ്യം.
പദ്ധതി തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്‍പതു കോടി വീടുകളില്‍ ദാഹജലം എത്തി. ഇതിനകം 100 ജില്ലകളിലും 1.40 ലക്ഷം ഗ്രാമങ്ങളിലും 170 ലക്ഷം സ്കൂളുകളിലും ‘ഹര് ഘര്‍ ജല്‍’ യാഥാര്‍ത്ഥ്യമായി അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി 100 ശതമാനം പൂര്‍ത്തീകരിച്ചു. ലഡാക്ക് പോലെ സീറോ ഡിഗ്രി താപനിലയുള്ള സ്ഥലങ്ങളിലും മിഷന് പൂര്‍ണമായി.
14,000 അടി ഉയരത്തിലുള്ള ഉംല ഗ്രാമത്തിലും അരുണാചലിലെ 2,000 അടി ഉയരമുള്ള നൈഷി ഗ്രാമത്തിലും ഇപ്പോള്‍ മുടങ്ങാതെ തെളിനീര് പ്രവഹിക്കുന്നു. കുടിവെള്ളം കിട്ടാക്കനി ആയിരുന്ന ഒഡീഷയിലെ മധുരംബ ഗ്രാമം ജലലഭ്യതയില്‍ സ്വയംപര്യാപ്തത നേടി. ജല്‍ജീവന്‍ പദ്ധതിക്കൊപ്പം നദീ സംയോജന പദ്ധതി, പ്രധാനമന്ത്രി കൃഷി യോജന, ഓരോ തുള്ളിയിലും കൂടുതല്‍ വിള, നമാമി ഗംഗ, അടല്‍ ഭൂജല്‍ യോജന, സജല്‍ ശക്തി അഭിയാന് തുടങ്ങിയ പദ്ധതികളും കോര്‍ത്തിണക്കി.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അഞ്ചു നദീസംയോജന പദ്ധതികള്‍ ആണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തത്. ദാമന്‍-ഗംഗ-പിഞ്ചില്‍, നര്‍മ്മദ-ഗോദാവരി, കൃഷ്ണ-പെന്നാര്‍ കാവേരി-കൃഷ്ണ, പര്-തപി-നര്‍മ്മദ എന്നിവയാണ് ഈ പദ്ധതികള്‍. ഇതിലൂടെ മധ്യപ്രദേശില്‍ 8.11 ലക്ഷം ഹെക്ടറിലും ഉത്തര്‍പ്രദേശില്‍ 2.5 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയിലും ജലസേചനം സാധ്യമാകും. ആറു ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനൊപ്പം 103 മെഗാ വാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും.
ജലസംഭരണം എന്ന ആശയം നടപ്പക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ദേശീയതലത്തിലെ ആദ്യപദ്ധതിയാണ് കെന്‍-ബത്വ. വാജ്പേയി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി നടപ്പാക്കിയതും മോദി സര്‍ക്കാരാണ്. രാജ്യത്ത് ആദ്യമായി ജലശക്തി മന്ത്രാലയത്തിന് 2019ല്‍ രൂപം നല്‍കിയത് മോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരാണ്. 2022-ലെ കേന്ദ്ര ബജറ്റില്‍ 86,189 കോടി രൂപയാണ് ജല മന്ത്രാലയത്തിനായി അനുവദിച്ചത്. ‘ഹര് ഘര്‍ നാള് സെ ജല്‍ യോജന’ പ്രകാരം 2022-23 ല്‍ 60,000 കോടി രൂപ പൊതുബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: