മലപ്പുറം: രാജ്യത്തെ മുസ്ലിം വിഭാഗങ്ങളുടെകൂടി സംരക്ഷണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ സിഎഎ നിയമം കൊണ്ടു വന്നതെന്ന് ന്യൂനപക്ഷമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ജമാല്‍ സിദ്ദിഖ്. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് ഹാളില്‍ നടന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎഎ വിഷയം ഉയര്‍ത്തിക്കാട്ടി മുസ്ലിം വിഭാഗത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നത്.
ഇരുമുന്നണികളും പ്രചരിപ്പിക്കുന്നത് സിഎഎ നിയമം ഭാരതത്തിലെ മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കുമെന്നാണ്. മറ്റു രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നിയമം സംരക്ഷണം നല്കും. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ന്യൂനപക്ഷങ്ങള്‍ ഭാരതത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവര്‍ക്ക് പൗരത്വം നല്കാന്‍ നമുക്കായിട്ടില്ല. ഈ നിയമം അതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തില്‍ വര്‍ഗീയ പ്രചാരണമാണ് ഇടത് വലത് മുന്നണികള്‍ നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഒരു മുസ്ലിമിന് പോലും വിഷമമോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കേരളത്തില്‍ നിന്ന് നിരവധി എംപിമാരാണ് ഇക്കാലമത്രേയും പാര്‍ലമെന്റിലേക്ക് പോയിട്ടുള്ളത്. എന്നാല്‍ അവര്‍ മലപ്പുറത്തിന് വേണ്ടിയോ കേരളത്തിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. യുഡിഎഫ്- എല്‍ഡിഎഫ് എംപിമാരെ പാര്‍ലമെന്റിലേക്ക് അയച്ചിട്ട് കേരളത്തിന് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന് വിജയിച്ചാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സമാനമായ വികസനം കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ.വി.പി. ശ്രീപത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി ദേശീയ സമിതി അംഗം സി. വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. രാമചന്ദ്രന്‍, മേഖലാ ജനറല്‍ സെക്രട്ടറി പ്രേമന്‍, ആര്‍എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് പി. ശിവദാസന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രശ്മില്‍ നാഥ്, രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: