നെഹ്രുവിന്റെ ഭരണകാലത്താണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള പാക് കടലിടുക്കിലെ കച്ചൈത്തീവ് എന്ന ചെറുദ്വീപിന്മേല്‍ ശ്രീലങ്ക അവകാശവാദം കടുപ്പിച്ചത്. നെഹ്രുവിനാകട്ടെ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ദ്വീപ് സ്വന്തമാക്കാന്‍ ഒട്ടും താല്പര്യവുമില്ലായിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് ഇന്ത്യയും ശ്രീലങ്കയും ഒരുപോലെ ഉപയോഗിച്ചിരുന്നതായിരുന്നു ഈ പ്രദേശം. തമിഴ്നാട്ടിലെ മീന്‍പിടുത്തക്കാര്‍ക്ക് ഇവിടെ സ്വതന്ത്രമായി മീന്‍പിടിക്കാമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം ഒരു താക്കീതിന്റെ രൂപത്തിലാണ് ശ്രീലങ്ക കച്ചൈത്തീവിന്മേല്‍ അവകാശം സ്ഥാപിച്ചുതുടങ്ങുന്തന്. അന്ന് ശ്രീലങ്കയുടെ പേര് സിലോണ്‍ എന്നാണ്. കച്ചൈത്തീവില്‍ ഇന്ത്യയുടെ നാവികസേന (അന്നത്തെ പേര് റോയല്‍ ഇന്ത്യന്‍ നേവി) ഒരിക്കലും പരിശീലനം നടത്തരുതെന്ന് ചുമ്മാ ശ്രീലങ്ക ഒരു ഉത്തരവിറക്കി. അന്ന് നെഹ്രു സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കിയില്ല.
1955 ഒക്ടോബര്‍ മാസത്തില്‍ സിലോണ്‍ ഒരു പടി കൂടി കടന്നു. സിലോണ്‍ നാവികസേന കച്ചൈത്തീവില്‍ പരിശീലനം നടത്തി. ഇതിനെ പക്ഷെ നെഹ്രു സര്‍ക്കാര്‍ എതിര്‍ത്തില്ല. കച്ചൈത്തീവിന്റെ കാര്യത്തില്‍ അത്രയ്ക്ക് ഉദാസീനമനോഭാവമായിരുന്നു നെഹ്രുവിന്. 1961 മെയ് 1ന് നെഹ്രു ഇത് സംബന്ധിച്ച് ഒരു മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നു. “ഈ ചെറുദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. ഈ പ്രശ്നം കാലങ്ങളായി തുടര്‍ന്ന് കൊണ്ടുപോകാന്‍ എനിക്ക് താല്പര്യമില്ല. ഇതിന്മേല് പാര്‍ലമെന്റില്‍ മേലാല്‍ ഒരു തര്‍ക്കവും ഉയര്‍ന്നുവന്നുകൂടാ.”- അന്ന് നെഹ്രു കുറിച്ചതാണിത്. ഈ ദ്വീപിന്മേലുള്ള അവകാശവാദത്തിന്റെ പരമാധികാരം ഇന്ത്യയ്ക്കോ സിലോണിനോ എന്ന് തീരുമാനമെടുക്കാന്‍ അന്ന് കഴിഞ്ഞില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം അന്ന് അഭിപ്രായപ്പെട്ടിരുന്നതും രേഖകളിലുണ്ട്.
ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തിലൂടെ രൂപം കൊണ്ട കച്ചൈത്തീവിന്മേല്‍ പരമാധികാത്തിനുള്ള എല്ലാ അവകാശവും ഇന്ത്യയ്ക്കുണ്ടെന്ന് 1960ല്‍ അറ്റോര്‍ണി ജനറലായ എം.സി. സെതല്‍വാദ് അഭിപ്രായപ്പെട്ടിരുന്നതിന് രേഖകളുണ്ട്. ഇവിടെ മീന്‍പിടുത്തത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടാനുള്ള ശക്തമായ ഒരു നിയമവാദമുഖം ഇന്ത്യയ്ക്കുണ്ടെന്ന് അന്നത്തെ വിദേശകാര്യമന്ത്രാലയത്തിലെ നിയമവിഭാഗം ജോയിന്റ് സെക്രട്ടറിയായ കെ. കൃഷ്ണറാവു അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കച്ചൈത്തീവിന് ചുറ്റുമുള്ള കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ തടവുകാരായി ശ്രീലങ്കയുടെ നാവിക സേന പിടിച്ചുവെയ്ക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷമെങ്കിലും അന്ന് ശക്തമായി വാദിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു.
പിന്നീട് 1974ല്‍ കച്ചൈത്തീവിന്റെ അധികാരം പൂര്‍ണ്ണമായും ഒരു ഉഭയകക്ഷികരാറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രീലങ്കയ്ക്ക് എഴുതിക്കൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: