ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ടേമിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങളുടെ സര്‍ക്കാര്‍ മൂന്നാം ടേമിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള ഒരു റോഡ്മാപ്പ് ഞങ്ങള്‍ തയ്യാറാക്കുകയാണ്. അതിന്റെ ഭാഗമായി പുതിയ സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ ശക്തവും വലുതുമായ ചില തീരുമാനങ്ങള്‍ കൈകൊള്ളുമെന്നും അദേഹം പറഞ്ഞു.
ഞായറാഴ്ച ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 10 വര്‍ഷമായി, നിങ്ങള്‍ വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണ് കണ്ടത്, ഇപ്പോള്‍ നമുക്ക് രാജ്യത്തെ വളരെയധികം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ലെ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെരഞ്ഞെടുപ്പ് മാത്രമല്ല. 2024 ലെ തെരഞ്ഞെടുപ്പ് വികസിത ഭാരതത്തിന് വേണ്ടിയുള്ളതാണ്. 2024 ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക സൂപ്പര്‍ പവറായി മാറ്റും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ച പുരോഗതി പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ സമയം വന്നിരിക്കുകയാണ്, ഭാരതം പ്രയാണം തുടങ്ങികഴിഞ്ഞു. ഇന്ന്, ഇന്ത്യയില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം നിര്‍മ്മിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ഇന്ന് അഭൂതപൂര്‍വമായ നിക്ഷേപം നടത്തുകയാണ്.
ഇന്ന് എല്ലാ മേഖലയിലും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഇന്ന് രാജ്യത്തെ സ്ത്രീശക്തി പുതിയ പ്രമേയങ്ങളുമായി മുന്നോട്ട് വരുകയാണ്. ഇന്ന് ഇന്ത്യയുടെ വിശ്വാസ്യത പുതിയ ഉയരത്തിലാണ്, ലോകം മുഴുവന്‍ ഇന്ത്യയെ ഭയഭക്തി ബഹുമാനത്തോടെയാണ് നോക്കുന്നത്. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ഇരുണ്ട നാളുകളോട് പോരാടിയാണ് മോദി ഇന്ന് ഇവിടെയെത്തിയത്, അതുകൊണ്ടാണ് ഓരോ പാവപ്പെട്ടവന്റെയും ദുഃഖവും വേദനയും കഷ്ടപ്പാടും മോദി മനസ്സിലാക്കുന്നതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: