ബെംഗളൂരു: ദാവനഗരെയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗായത്രി സിദ്ധേശ്വറിനെതിര സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷമന്നുര്‍ ശിവശങ്കരപ്പയെ അപലപിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. സ്ത്രീകള്‍ക്ക് അടുക്കളയില്‍ ഭക്ഷണമുണ്ടാക്കാന്‍ മാത്രമാണ് അറിയുക എന്നായിരുന്നു 92കാരനായ ശിവശങ്കരപ്പയുടെ വാക്കുകള്‍. ദാവനഗരെയിലെ എംഎല്‍എ കൂടിയാണ് ഇയാള്‍.
ഇതാണ് മനോഭാവമെങ്കില്‍ ഞാന്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് എന്ത് പറയുമായിരുന്നു എന്ന് അമ്പരന്നുപോവുകയാണെന്ന് സൈന നെഹ്‌വാള്‍ പറഞ്ഞു. എക്‌സിലൂടെയാണ് കോണ്‍ഗ്രസിനെതിരെ സൈന രൂക്ഷമായി പ്രതികരിച്ചത്. ലഡ്കി ഹൂം, ലജ് സക്തി ഹൂം (ഞാന്‍ പെണ്ണാണ്, എനിക്ക് പൊരുതാനാവും) എന്ന് മുദ്രാവാക്യം വിളിച്ച ഒരു പാര്‍ട്ടിയാണ് ഇങ്ങനെ അധിക്ഷേപിക്കുന്നതെന്നത് വിചിത്രമാണെന്ന് സൈന ചൂണ്ടിക്കാട്ടി.
ഞാന്‍ ഭാരതത്തിന് വേണ്ടി മത്സരിക്കുകയും മെഡല്‍ നേടുകയും ചെയ്തു. അപ്പോള്‍ ഞാനെന്ത് ചെയ്യണമെന്നായിരിക്കും കോണ്‍ഗ്രസ് പറയുക? വലിയ സ്വപ്‌നങ്ങളുമായി നമ്മുടെ പെണ്‍കുട്ടികള്‍ കളത്തിലിറങ്ങിനില്‍ക്കുമ്പോള്‍ ഈ നേതാക്കള്‍ എന്തുകൊണ്ടാണിങ്ങനെ പറയുന്നത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ലോകത്തിന്റെ ഉയരങ്ങള്‍ താണ്ടുന്ന കാലമാണിത്.
ഒരു വശത്ത് നാരീശക്തിക്ക് വന്ദനം പറയുന്നു. പ്രധാനമന്ത്രി വനിതാസംവരണബില്‍ കൊണ്ടുവരുന്നു. മറുവശത്ത് സ്ത്രീശക്തിയെ ചിലര്‍ അപമാനിക്കുന്നു. എങ്ങനെയാണ് ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നത്?, സൈന ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: