വി.പി. സിങ് സര്‍ക്കാരിനെതിരെ ആദ്യമായി വിമര്ശനവെടി പൊട്ടിയത് കമ്യൂണിസ്റ്റ് നേതാവില്‍നിന്നാണ്. പതിറ്റാണ്ടുകളായി ഭരണത്തിലുള്ള, സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവാണ് ആ വെടിയുതിര്‍ത്തത്. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത്ത് ‘നയിക്കുകയും നിയന്ത്രിക്കുകയും’ ചെയ്യുന്ന വി.പി. സിങ്ങിന്റെ സര്‍ക്കാര്‍ ‘ശരിയല്ല’ എന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മൂന്നുപേര്‍ മാത്രമായി ഒന്നിച്ചിരിക്കണമെന്നും ജ്യോതിബസു അടിയന്തര സന്ദേശം അയച്ചു. അയച്ചത്, കമ്യൂണിസ്റ്റ് പാര്‍ട്ടി അന്നും ഇന്നും എതിര്‍ക്കുന്ന, എതിര്പാര്ട്ടിയല്ല, ശത്രുവുമല്ല, അതിനപ്പുറം ആശയത്തിലും ആദര്‍ശത്തിലും ആള്‍ബലത്തിലും കൊന്നുകളയേണ്ടവരെന്ന് വിധിക്കാറുള്ള ബിജെപി നേതാക്കളായ വാജ്പേയിക്കും അദ്വാനിക്കും. ഇവരുടെ പൊതുസുഹൃത്തുവഴി ജ്യോതിബസു സന്ദേശമയച്ചു. തയാറെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളിലെല്ലാം നല്ല ബന്ധവും സ്വാധീനവുമുള്ള കൊല്‍ക്കത്തയിലെ വ്യവസായി വീരേന്ഷായുടെ വസതിയില്‍ കൂടിക്കാണാമെന്നായിരുന്നു സന്ദേശം.
വാജ്പേയിയും അദ്വാനിയും സന്നദ്ധരായി. കൊല്‍ക്കത്തയെങ്കില്‍ അവിടെ വരാം; അതല്ല, ദല്ഹിയിലെങ്കില് വാജ്പേയിയുടെ വസതിയില്‍ കൂടാമെന്നായിരുന്നു മറുസന്ദേശം. പക്ഷേ എന്തുകൊണ്ട് മൂന്നാമതൊരാളുടെ സ്ഥലത്ത് എന്നതിന് ബസു പറഞ്ഞു: ‘കൂടിക്കാഴ്ച മറ്റാരും അറിയരുത്, പ്രത്യേകിച്ച്, എന്റെ പാര്‍ട്ടിയിലുള്ളവര്‍, അവര്‍ക്ക് ഇത് പിടിച്ചേക്കില്ല.’ ഒടുവില്‍ ആ കൂടിക്കാഴ്ച കൊല്‍ക്കത്തയില്‍ വീരേന്ഷായുടെ വസതിയില്‍ നടന്നു. കൂടിക്കാഴ്ചയുടെ വിവരം പില്ക്കാലത്ത് പുറത്തുവന്നു. വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. എല്‍.കെ. അദ്വാനി ആത്മകഥയില്‍ ഈ വിവരം വിശദീകരിക്കുന്നുണ്ട്.
ഹര്‍കിഷന്‍സിങ് സുര്‍ജിത്തും ജ്യോതിബസുവും തമ്മിലുണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍ പില്ക്കാലത്ത് കൂടുതല്‍ പുറത്തുവന്നു. പ്രധാനമന്ത്രിയാകാന്‍ ജ്യോതിബസുവിന് വന്നുചേര്‍ന്ന അവസരം തള്ളിക്കളഞ്ഞതില്‍ സുര്‍ജിത്തിന്റെ പങ്ക് എത്രമാത്രമായിരുന്നു,. ആ നിലപാട് ശരിയായിരുന്നോ? എങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ത്രിപുരയിലും ബംഗാളിലും തെരഞ്ഞെടുപ്പ് നേരിടുന്ന തന്ത്രം സിപിഎമ്മിന്റേതോ ഏതെങ്കിലും നേതാവിന്റെ മാത്രം താത്പര്യമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. അന്ന് പ്രധാനമന്ത്രിപദം ജ്യോതിബസു ഏറ്റെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് ‘ഹിമാലയന്‍ വിഡ്ഢിത്തം’ എന്ന് പില്ക്കാലത്ത് ജ്യോതിബസു തന്നെ വിമര്‍ശിച്ചത് വാസ്തവമായിരുന്നു. വിഡ്ഢിത്തം നിരന്തരം ചെയ്യുന്ന സിപിഎമ്മിന് അത് ഒരു വിമര്ശനംപോലുമായില്ലെങ്കിലും.
വി.പി. സിങ്ങിന്റെ ഭരണവും നയവും നിലപാടുകളും നടപടികളും ശരിയല്ലെന്ന കാര്യം പില്ക്കാലത്ത് വ്യക്തമായി. ഒരേസമയം മതവര്ഗീയതകൊണ്ട് രാഷ്ട്രീയം കളിച്ച് അതില്‍ ഒരു പക്ഷത്ത് ചേര്‍ന്നു; ഒപ്പം ജാതിവൈരം വളര്‍ത്തി ഒരു മതവിഭാഗങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്താനും രാഷ്ട്രീയ പ്രതിയോഗികളെ തളര്‍ത്താനും ശ്രമം തുടര്‍ന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി വിഷയത്തില്‍ എടുത്ത നിലപാടും മണ്ഡല് കമ്മിഷന് ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജാതിസംവരണത്തിനുള്ള തീരുമാനവും സിങ്ങിന്റെ സ്വാര്‍ത്ഥ താത്പര്യം വ്യക്തമാക്കുന്നതായി.
മണ്ഡല് കമ്മിഷന് ശിപാര്‍ശ നടപ്പാക്കാനൊരുങ്ങിയ വി.പി. സിങ്ങിനെ ‘കമണ്ഡലു’കൊണ്ട് (രാമജന്മഭൂമി-സംന്യാസി പ്രക്ഷോഭത്തെ തുണച്ചുള്ള ബിജെപി നിലപാട്) അദ്വാനി നേരിട്ടതാണ് അയോദ്ധ്യ രഥയാത്രയെന്നൊക്കെ രൂപപ്പെടുത്തി ചിലര്‍ പ്രചരിപ്പിച്ച രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഇപ്പോഴും പലരുടെയും ദേശീയ രാഷ്ട്രീയ വിശകലനം. എന്നാല്‍ അങ്ങനെയായിരുന്നില്ല. ദേവീലാലിന്റെ നേതൃത്വത്തില്‍ എന്എഫില് ഉണ്ടായ വി.പി. സിങ് വിരുദ്ധ നീക്കങ്ങള്‍ പലരും പരിഗണിക്കുന്നില്ല. ജനതാസര്‍ക്കാരില്‍ മൊറാര്ജിക്കെതിരായി ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്യം തോന്നാമിതില്.
ഉപപ്രധാനമന്ത്രി ദേവിലാലിനെ അങ്ങനെ 1990 ആഗസ്ത് ഒന്നിന് വി.പി. സിങ് പുറത്താക്കി. അതിന് ഒരാഴ്ചയ്ക്കുള്ളില്‍ ജാതി സംവരണത്തിന് വഴിതുറന്നുകൊണ്ട് മണ്ഡല് കമ്മിഷന് ശിപാര്‍ശകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ണയം വന്നു. കാര്ഷികശക്തിയുടെ കരുത്തുള്ള ദേവിലാലിനെ നേരിടാന്‍ കൂടിയായിരുന്നു മണ്ഡല് റിപ്പോര്‍ട്ട്. അത് ധൃതിപിടിച്ചു കൊണ്ടുവന്നത്, പ്രഖ്യാപിച്ചത് രാജ്യതാത്പര്യത്തിലല്ലായിരുന്നു, മറ്റു പിന്നാക്കജാതി വിഭാഗത്തിന്റെ (ഒബിസി) ക്ഷേമത്തിനല്ലായിരുന്നു. അധികാരമുറപ്പിക്കാന്‍, സ്ഥാനം നിലനിര്‍ത്താന്‍ നടത്തിയ സ്വാര്‍ത്ഥ താത്പര്യമായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: