ഇന്ദിര, സോണിയ, മനേക എന്നിവരൊക്കെ ജനവിധി തേടി പാര്‍ലമെന്റില്‍ എത്തിയവരാണ്. ഇവരുടെ ഭര്‍ത്താക്കന്മാരും ലോക്‌സഭയില്‍ അംഗങ്ങളായിരുന്നു. ഇവര്‍ക്കാര്‍ക്കും ഭര്‍ത്താവിനൊപ്പം ലോക്‌സഭയില്‍ ഒന്നിച്ചിരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അത് ലഭിച്ച അഞ്ച് ജോഡി ദമ്പതികള്‍ ഉണ്ട്. അതില്‍ രണ്ടും മലയാളികള്‍. ഇവര്‍ക്കുപുറമെ രാജ്യസഭയില്‍ ഒന്നിച്ചിരുന്നവരും രാജ്യസഭയിലും ലോക്‌സഭയിലുമായി ഒരേ സമയം എംപിമാരായിരുന്നവരും ഉണ്ട്.
ലോക്‌സഭയില്‍ ആദ്യമെത്തിയ ദമ്പതികള്‍ മലയാളികളാണ്. 1967ല്‍ എ.കെ. ഗോപാലന്‍ പാലക്കാട്ടുനിന്നും ഭാര്യ സുശീല ഗോപാലന്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു. സുശീലയും രണ്ടു തവണകൂടി പാര്‍ലമെന്റിലെത്തി. എകെജി മരിച്ചതിനുശേഷം 1980ലും 91ലും.
1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോക്‌സഭയിലെത്തി. കെ.കെ. നായരും ഭാര്യ ശകുന്തള നായരും. ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇരുവരും ജയിച്ചത്. ശകുന്തള 1952ലും ജയിച്ചിരുന്നു. 62ല്‍ കെ.കെ. നായര്‍ യുപി നിയമസഭയിലേക്കും ജയിച്ചിട്ടുണ്ട്. അയോദ്ധ്യയുടെ ചരിത്രത്തില്‍ ഇടംനേടിയ ആളാണ് കെ.കെ. നായര്‍. അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന അദ്ദേഹം കൈക്കൊണ്ട വിഗ്രഹം മാറ്റാന്‍ പറ്റില്ലെന്ന തീരുമാനമാണ് ശ്രീരാമക്ഷേത്രനിര്‍മാണത്തിന് അടിത്തറ പാകിയത്. അടിയന്തരാവസ്ഥക്കാലത്ത് ഈ ദമ്പതിമാര്‍ ജയില്‍ശിക്ഷയും അനുഭവിച്ചു.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ദന്തവതെ 1971 മുതല്‍ 19901 വരെ മഹാരാഷ്‌ട്രയില്‍ കൊങ്കണിലെ രാജാപ്പൂരില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു. മൊറാര്‍ജി ദേശായി, വി.പി. സിങ് മന്ത്രിസഭകളില്‍ അംഗവും ആയി. ഭാര്യ പ്രമീളാ ദന്തവതെ 1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുംബൈ നോര്‍ത്ത് സെന്‍ട്രലിനെ പ്രതിനിധീകരിച്ചു.
സത്യേന്ദ്ര നാരായണ്‍ സിന്‍ഹയും കിഷോരി സിന്‍ഹയും ആണ് ലോകസഭ കണ്ട മറ്റൊരു ദമ്പതി. 1952 മുതല്‍ അദ്ദേഹം ആറ് തവണ ബിഹാറിലെ ഔറംഗബാദില്‍ നിന്ന് എംപിയായി. ഭാര്യ കിഷോരി 1980ലും 1984ലും വൈശാലി മണ്ഡലത്തില്‍ നിന്ന് എംപിയായി. അവരുടെ മകന്‍ നിഖില്‍ കുമാര്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു. ഗവര്‍ണര്‍ ആകും മുന്‍പും ശേഷവും ലോക്‌സഭയിലും എത്തിയിട്ടുണ്ട്.
2004ല്‍ പപ്പു യാദവും ഭാര്യ രഞ്ജിത് രാജനും ഒരുമിച്ച് ലോക്‌സഭയിലെത്തി. രണ്ടുപേരും രണ്ടു പാര്‍ട്ടിയില്‍. പപ്പു യാദവ് ആര്‍ജെഡിയും രഞ്ജിത് രാജന്‍ കോണ്‍ഗ്രസും.
ലോക്‌സഭയും രാജ്യസഭയും ഒരുമിച്ചെടുത്താല്‍ ഒന്നിച്ചുണ്ടായിരുന്ന ആദ്യ ദമ്പതികള്‍ ജോയ്ചിം ആല്‍വയും വൈലറ്റ് ആല്‍വയും ആണ്.
രാജ്യസഭയിലെ ആദ്യ വനിതാ ഉപാധ്യക്ഷയായിരുന്ന വൈലറ്റ് ആല്‍വ 1952 മുതല്‍ 1969 വരെ അംഗം. 1952 മുതല്‍ 1967 വരെ ലോക്‌സഭാംഗമായിരുന്ന ജോയ്ചിം ആല്‍വ 1968 മുതല്‍ 1974 വരെ രാജ്യസഭയിലും ഉണ്ടായിരുന്നു. ഒരു വര്‍ഷം ഇരുവരും രാജ്യസഭയില്‍ ഒന്നിച്ച്, മാത്രമല്ല ഭാര്യ അധ്യക്ഷ സ്ഥാനത്ത്, ഭര്‍ത്താവ് വെറും അംഗമായും.
മുന്‍കേന്ദ്രമന്ത്രി സുഷമ സ്വരാജും ഭര്‍ത്താവും ഒരേ സമയം പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. സുഷമ ലോക്‌സഭയിലും ഭര്‍ത്താവ് സ്വരാജ് കൗശല്‍ രാജ്യസഭയിലും. രണ്ടും രണ്ടു പാര്‍ട്ടിയിലായിരുന്നു. സുഷമ ബിജെപി. കൗശല്‍ ഹരിയാന വികാസ് പാര്‍ട്ടി. സുഷമ സ്വരാജ് കേന്ദ്രമന്ത്രി ആയിരിക്കെയാണ് ഭര്‍ത്താവ് അംഗമായത് എന്ന പ്രത്യേകതയും ഉണ്ട്.
ധര്‍മ്മേന്ദ്ര 2004ല്‍ ബിജെപി ടിക്കറ്റില്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് ലോക്‌സഭയില്‍ എത്തുമ്പോള്‍ ഭാര്യ ഹേമമാലിനി നോമിനേറ്റഡ് അംഗമായി രാജ്യസഭയില്‍ ഉണ്ട്. പിന്നീട് തെരഞ്ഞെടുപ്പിലൂടെയും രാജ്യസഭയിലെത്തിയ ഹേമമാലിനി 2014 മുതല്‍ ബിജെപിയുടെ ലോക്‌സഭാംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: