ദൈവങ്ങളുടെ ദ്വീപാണ് ബാലി. ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ ജനസംഖ്യയുടെ 90 ശതമാനവും ഹൈന്ദവരാണ്. കാഴ്ചയിലെങ്ങും ക്ഷേത്രങ്ങള്‍ നിറയുന്ന പുണ്യഭൂമി. വലിപ്പത്തിലും ശില്പഭംഗിയിലും ഭാരതീയ ക്ഷേത്രമാതൃകകളില്‍ നിന്ന് വ്യസ്തമാണ് ബാലിയിലെ ക്ഷേത്രങ്ങള്‍. ആചാരാനുഷ്ഠാനങ്ങളിലും കാണാം വൈവിധ്യം.
ബാലിയിലെത്തുന്ന യാത്രികരെ ഏറെ ആകര്‍ഷിക്കുന്നതും ഈ ആത്മീയധാമങ്ങളാണ്. അവയില്‍ പവിത്രമായ നീരുറവകള്‍ക്കും തീര്‍ഥസ്‌നാനത്തിനും പേരുകേട്ടതാണ് ‘തീര്‍ഥ എംപുല്‍’ ജല ക്ഷേത്രം. വിഷ്ണുഭഗവാണ് പ്രധാന ആരാധനാ മൂര്‍ത്തി. ശിവനും ബ്രഹ്മാവും ഇന്ദ്രനുമാണ് ഉപപ്രതിഷ്ഠകള്‍. സാംസ്‌കാരികവും മതപരവുമായി ഏറെ പ്രാധാന്യമുള്ള ഈ പുരാതന ഹൈന്ദവ ക്ഷേത്രം പ്രശസ്തമായൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
തീര്‍ഥം അല്ലെങ്കില്‍ ‘പുണ്യജലം’ ബാലി ജനതയുടെ ആത്മീയ ജീവിതത്തിന്റെ അനിഷേധ്യ ഘടകമാണ്. പുരോഹിതര്‍ ഭക്തന്റെ തലയില്‍ തീര്‍ഥം തളിക്കുകയും മൂന്ന് തവണ കുടിക്കാന്‍ നല്‍കുന്നതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. പ്രകൃതിദത്ത നീരുറവകളില്‍ നിന്നുള്ള ജലമാണ് ഇതിന് ഉപയോഗിക്കുക. ദ്വീപിലെ ആവാസവ്യവസ്ഥയില്‍ ജലത്തിന്റെ പങ്കും പ്രധാനമാണല്ലോ.
തീര്‍ഥ എംപുലിലെ ജലത്തിന് രോഗശാന്തിക്കും ആത്മശുദ്ധീകരണത്തിനുമുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. സ്‌നാനത്തിനായി, എംപുലില്‍ ഭക്തര്‍ക്കൊപ്പം ധാരാളം വിനോദസഞ്ചാരികളുമെത്തുന്നു. തീര്‍ഥസ്‌നാനത്തില്‍ ആര്‍ക്കും പങ്കെടുക്കാമെങ്കിലും കണിശമായ നിബന്ധനകള്‍ പാലിക്കണം. വസ്ത്രധാരണത്തിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. സരോംഗ് എന്ന പരമ്പരാത വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിനകത്തു പ്രവേശിക്കാന്‍.
നീരുറവകള്‍ ദേവേന്ദ്രന്റെ നിര്‍മിതി
പത്താം നൂറ്റാണ്ടില്‍ വര്‍മദേവ രാജവംശത്തിന്റെ ഭരണകാലത്ത് പണികഴിപ്പിച്ച ക്ഷേത്രം ബാലിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന് തെളിവാണ്. ഇവിടുത്തെ തനത് ആചാരങ്ങളും കൗതുകമുണര്‍ത്തുന്നു. ഏഴ് പ്രകൃതിദത്ത നീരുറവകളാണ് തീര്‍ത്ഥ എംപുലിനെ ലോകപ്രസിദ്ധമാക്കുന്നത്. ദേവേന്ദ്രന്‍ നിര്‍മിച്ചതാണ് നീരുറവകളെന്നാണ് വിശ്വാസം. അവയുടെ രോഗശമനശക്തിയും വിഖ്യാതമാണ്. ക്ഷേത്രമധ്യത്തിലുള്ള ഈ നീരുറവകളിലെ ജലം വലിയൊരു കുളത്തിലേക്കാണ് പതിക്കുന്നത്. മേലുകട്ട് എന്നറിയപ്പെടുന്ന തീര്‍ഥസ്‌നാനത്തിലൂടെ ആത്മീയ പുനരുജ്ജീവനത്തിനും വിഷ്ണുഭഗവാന്റെ അനുഗ്രഹത്തിനുമായി ഇവിടെയെത്തുന്നവര്‍ നിരവധിയാണ്.
‘കാന്‍ഡി”യെന്ന കരുവിരുത്
പുരാതന ശില്പകലാ വൈഭവങ്ങളാല്‍ മനോഹരമാണ് ക്ഷേത്ര സമുച്ചയം. കാന്‍ഡി എന്നറിയപ്പെടുന്ന അതിസങ്കീണര്‍മായ കൊത്തുപണികളോടെ ഒരുക്കിയെടുത്ത ഹൈന്ദവദേവതകളെയും പുരാണ കഥാപാത്രങ്ങളെയും ചിത്രീകരിക്കുന്ന ശില്പങ്ങളാണ് നിറയെ. കാന്‍ഡി എന്നാണ് ഈ ശില്പശേഖരം അറിയപ്പെടുന്നത്.
തീര്‍ഥ എംപുല്‍ ക്ഷേത്രത്തില്‍ നിന്നുള്ള പുണ്യതീര്‍ഥം ക്ഷേത്രോത്സവങ്ങളിലും മറ്റ് അനുഷ്ഠാനങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതിന് ദൈവികമായൊരു ഊര്‍ജമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തീര്‍ഥ എംപുലിനു ചുറ്റുമുള്ള ഭൂപ്രകൃതിയും അതിമനോഹരമാണ്. തട്ടുകൃഷിക്ക് പ്രസിദ്ധമായ ബാലിയിലെ, സമൃദ്ധമായ നെല്‍മട്ടുപ്പാവുകളാണ് അവയില്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: