Categories: India

പ്രതികൂല കാലാവസ്ഥകളെ മറികടന്ന് മുഖി എന്ന ചീറ്റക്കുഞ്ഞിന് ഒരു വയസ്സ് മോദിയുടെ വിജയമെന്ന് ജീവനക്കാര്‍

Published by

ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശം തടയാന്‍ നമീബിയയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഒന്ന് പ്രസവിച്ചതിലെ കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞു. ജ്വാല എന്ന പെണ്‍ചീറ്റ പ്രസവിച്ച മുഖി എന്ന് പേരായ ചീറ്റക്കുഞ്ഞാണ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഒന്നാം പിറന്നാളിലേക്ക് കടന്നത്. ജ്വാല നാല് കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും അതില്‍ മൂന്നും ചത്തുപോയി.

മോദിയുടെ പ്രൊജക്ട് ചീറ്റ വിജയത്തിലെത്തിയതിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഒരു വയസ്സുകാരി മുഖി. മുഖിയുടെ ഒന്നാം പിറന്നാള്‍ കുനോ ദേശീയ പാര്‍ക്കിലെ അധികൃതര്‍ ആഘോഷിച്ചു. ഇത് മോദിയുടെക്കൂടി ദൃഢനിശ്ചയത്തിന്റെക്കൂടി വിജയമാണെന്ന് ജീവനക്കാര്‍ പറയുന്നു.

മുഖിയും ശരീരത്തിലെ ജലാംശം വറ്റി പലഘട്ടങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന നിലയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖി ചികിത്സകളോട് അനുകൂലമായി പ്രതികരിച്ച് പ്രതിസന്ധികളെ അതിജീവിക്കുകയായിരുന്നു. മുഖി ഒരു വയസ്സുപിന്നിടുന്നതിന്റെ ഒരു വീഡിയോയും കുനോ ദേശീയോദ്യാനത്തിലെ അധികൃതര്‍ പുറത്തിറക്കിയിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ഇന്ത്യയിലെ ചീറ്റപ്പുലികളുടെ വംശനാശം തടയാനുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. പിന്നീട് മോദിയുടെ നേതൃത്വത്തിലാണ് വിദേശത്ത് നിന്നുള്ള ചീറ്റപ്പുലികളെ ഇന്ത്യയിലെ കാടുകളില്‍ വളര്‍ത്തി അവയുടെ വംശനാശം തടയാനുള്ള നടപടി കൈക്കൊണ്ടത്. എന്നാല്‍ ഇന്ത്യന്‍ കാലാവസ്ഥയോടെ ചേര്‍ന്ന് പോകാന്‍ ഇവയ്‌ക്ക് ആകില്ലെന്നും ഈ പരീക്ഷണം പരാജയപ്പെടുമെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് അന്ന് നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റകളില്‍ ഒന്ന് പ്രസവിച്ച കുഞ്ഞ് ഒരു വയസ്സ് തികയുന്നത്. “ഇന്ത്യയുടെ മണ്ണില്‍ 70നും മുകളില്‍ വര്‍ഷത്തില്‍ ആരും കേള്‍ക്കാത്ത ശബ്ദം വീണ്ടും കേട്ടു. ചീറ്റക്കുഞ്ഞുകളുടെ ശബ്ദം” – കുനോ ദേശീയോദ്യാനം പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ഒരു ചീറ്റ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചതോടെ കുനോ ദേശീയ പാര്‍ക്കിലെ ആകെ ചീറ്റകളുടെ എണ്ണം 26 ആയി ഉയര്‍ന്നിട്ടുണ്ട്. മോദിയുടെ ചീറ്റ പദ്ധതി വിജയിച്ചുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് അന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കുനോയില്‍ ജനിച്ച മുഖി എന്ന ചീറ്റക്കുഞ്ഞ് ഒരു വയസ്സ് പൂര്‍ത്തിയാക്കിയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക