മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീലിന്റെ മരുമകള്‍ അര്‍ച്ചന പാട്ടീല്‍ ചകുര്‍ക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസില്‍ നിന്നാണ് അര്‍ച്ചന അംഗത്വം സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍കുലെ സന്നിഹിതനായിരുന്നു. കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനമുണ്ടായത്. ഉദ്ഗിര്‍ ലൈഫ്കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍പേഴ്സണാണ് അര്‍ച്ചന പാട്ടില്‍. ഇവരുടെ ഭര്‍ത്താവ് ഷൈലേഷ് പാട്ടില്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന 2004-2008 കാലഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു ശിവരാജ് പാട്ടീല്‍. ബിജെപിയോടൊപ്പം ചേര്‍ന്ന് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അര്‍ച്ചന പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വനിതാ സംവരണ ബില്‍ വളരെയധികം സ്വാധീനിച്ചു, അര്‍ച്ചന പറഞ്ഞു.
ചകുര്‍ക്കര്‍ കുടുംബത്തില്‍ നിന്നുള്ള അര്‍ച്ചന ബിജെപിയിലെത്തിയതോടെ ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകളും പിന്തുണയും എന്‍ഡിഎക്ക് ലഭിക്കുന്നതിന് വഴിയൊരുങ്ങും. ലാത്തൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ നിര്‍ണായക സ്വാധീനമുളള സമുദായമാണ് ലിംഗായത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: