തൃശൂര്‍ : കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. പ്രചാരണത്തിന് പണമില്ലെന്നും ഫണ്ട് കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തനം നിലക്കുമെന്നും സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു.
അതിനിടെ നേരത്തെ സ്ഥാനാര്‍ത്ഥിയായി പ്രചരണം തുടങ്ങിയ ടി.എന്‍. പ്രതാപന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറിയതായി വിവരമുണ്ട്. തനിക്ക് പ്രചരണത്തിന് വന്‍ തുക ചെലവായിട്ടുണ്ടെന്നും ഈ തുക തിരികെ വേണമെന്നും പ്രതാപന്‍ ആവശ്യപ്പെടുകയായിരുന്നു. 3 ലക്ഷം പോസ്റ്ററുകള്‍ അടിച്ചു. രണ്ടായിരത്തോളം മതിലുകള്‍ എഴുതി. പ്രചരണ ജാഥ നടത്തി. ഈയിനത്തിലാണ് ചെലവ് എന്നാണ് പ്രതാപന്‍ നേതൃത്വത്തെ അറിയിച്ചത്. ഈ കണക്കിലാണ് 50 ലക്ഷം രൂപ പ്രതാപന് കൈമാറിയത്. ചെലവായ തുകയുടെ ഒരു ഭാഗം മാത്രമാണ് ലഭിച്ചതെന്നാണ് പ്രതാപനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രതാപന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നാല്‍ തൃശ്ശൂരില്‍ വലിയ ക്ഷീണമുണ്ടാകും എന്ന് ഉറപ്പാണ്. ഇത് മുന്‍കൂട്ടിക്കണ്ടാണ് പണം കൈമാറി പ്രതാപനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയത്. പ്രതാപന് തുക കൈമാറിയതില്‍ കെ.മുരളീധരന് അമര്‍ഷമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് ഫണ്ട് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് എന്നാണ് കെ.മുരളീധരന്‍ പറയുന്നത് ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും മുരളി ഇക്കാര്യം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ എഐസിസിയില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ല എന്ന ആരോപണവും മുരളീധരന്‍ ഉന്നയിച്ചു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്നത് നുണപ്രചരണം ആണെന്നും നികുതിയടക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നു.
ഫണ്ടിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമായ ഭിന്നതയും ഉടലെടുത്തിട്ടുണ്ട് സിറ്റിംഗ് എം.പി. പ്രതാപന്‍ ഉള്‍പ്പെടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇതുമൂലം പ്രചാരണത്തില്‍ വളരെ പിന്നാക്കം പോയിട്ടുണ്ട്. ഇത് വെളിപ്പെടാതിരിക്കാനാണ് ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രശ്‌നം എന്ന് പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: